തിരുവനന്തപുരം: പത്തു വർഷം മുമ്പ് സുഹൃത്തുക്കളായവരാണ് ഇവന്റ് മാനേജ്മെന്റ് കമ്പനി നടത്തുന്ന ഷൈജുവും ഡി.ജെ ആർട്ടിസ്റ്റായ ഇവാൻ ജോണും. ഷൈജുവിന്റെ കമ്പനി നടത്തിയ പരിപാടിയിൽ ഡി.ജെ അവതരിപ്പിക്കാൻ എത്തിയതായിരുന്നു ഇവാൻ. അന്ന് തുടങ്ങിയ സൗഹൃദം എത്തിനിൽക്കുന്നത് ഗിന്നസ് ലോക റെക്കാഡിന്റെ പടിക്കൽ. പതിനൊന്നു ദിവസം തുടർച്ചയായി ഡി.ജെ അവതരിപ്പിച്ച് രണ്ട് ഗിന്നസ് റെക്കാഡുകൾ തകർത്തിരിക്കുകയാണ് ഇരുവരും
നീണ്ട . 264 മണിക്കൂർ,ശാരീരികമായും മാനസികമായും തളർന്നപ്പോഴും പിടിച്ചു നിൽക്കാനായത് പരസ്പരവിശ്വാസവും സൗഹൃദവും കൊണ്ടാണെന്ന് ഇവർ പറയുന്നു. നൃത്തത്തിലും സംഗീതത്തിലും ചെറുപ്പം മുതൽ താത്പര്യമുണ്ടായിരുന്ന ഷൈജുവിന് ഇവാനെ കണ്ടപ്പോഴാണ് ഡി.ജെ(ഡിസ്ക് ജോക്കി) ആവണമെന്ന മോഹമുദിച്ചത്. അന്നു മുതൽ തൊഴിലിനൊപ്പം ഡി.ജെയും ചെയ്തു തുടങ്ങി. ഡി.ജെ ലോകത്ത് ഷൈജു അറിയപ്പെടുന്നത് സോൾടേക്കർ എന്നാണ്. ഇവാൻ കോൾഫ് എന്നും.
മാൾ ഒഫ് ട്രാവൻകൂറിൽ ഈ മാസം 1 മുതൽ 12 വരെയായിരുന്നു പ്രകടനം. കാണികളെ ആവേശത്തിലാഴ്ത്തുന്ന ട്രാക്കുകളാണ് അവതരിപ്പിച്ചത്. ആദ്യ 18 മണിക്കൂർ ഇവാൻ മിക്സറും ബീറ്റ്പാടും ഉപയോഗിച്ച് ഇലക്ട്രോണിക്ക് സംഗീതം അവതരിപ്പിച്ചു. ഇതിനുമുമ്പ് ഇലക്ട്രോണിക്ക് മ്യൂസിക്ക് തുടർച്ചയായി 11 മണിക്കൂർ അവതരിപ്പിച്ച നെതർലൻഡുകാരന്റെ റെക്കാഡ് തകർക്കാനായി. ഹൃദയമിടിപ്പിനെക്കാൾ വേഗതയിൽ ബീറ്റുള്ള സൈഡ് ട്രാൻസ് എന്ന സംഗീതയിനമാണ് അടുത്ത 15 മണിക്കൂർ ഷൈജു അവതരിപ്പച്ചത്. 51 മണിക്കൂർ 25 മിനിറ്റ് യൂട്യൂബിൽ ലൈവായി ഡി.ജെ ചെയ്ത് ഷൈജു, ബ്രസീലിയൻ ആർട്ടിസ്റ്റ് മാർക്ക് ഉസ്രയുടെ 51 മണിക്കൂർ റെക്കാഡ് തകർത്തു. തുടർന്ന് ഗാനങ്ങളും സംഭാഷണങ്ങളും കോർത്തിണക്കി ഇരുവരും 264 മണിക്കൂർ പൂർത്തിയാക്കി. ഗിന്നസ് ടീമിൽ നിന്ന് പത്തംഗങ്ങൾ ദൃക്സാക്ഷികളായി. രേഖകൾ സമർപ്പിച്ച ശേഷം നവംബറോടെ റെക്കാഡെത്തും.
ഉറക്കം കളഞ്ഞ
സ്വപ്നം
ഒരു മണിക്കൂറിൽ അഞ്ചു മിനിട്ട് മാത്രമായിരുന്നു വിശ്രമത്തിനുള്ള സമയം. ചിലപ്പോൾ ആറു മണിക്കൂർ തുടർച്ചയായി അവതരിപ്പിച്ചിട്ട് അര മണിക്കൂർ വിശ്രമിച്ചു. ഉറക്കവും ഭക്ഷണവും ക്രമീകരിച്ചു. പരമാവധി 40 മിനിട്ടാണ് ഉറങ്ങിയത്. ഷൈജു വെള്ളായണിയിലും ഇവാൻ ശാസ്തമംഗലത്തുമാണ് താമസം.