പാലോട്: വാമനപുരം മണ്ഡലത്തിലെ വാട്ടർ അതോറിട്ടിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ അടിയന്തരമായി പരിഹരിക്കുന്നതിനായി ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു. അഡ്വ. ഡി.കെ.മുരളി എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ വാട്ടർ അതോറിട്ടി എം.ഡിയുടെ ചേംബറിലായിരുന്നു യോഗം.എം.സി റോഡിൽ അമ്പലമുക്ക്- തൈക്കാട് റോഡ്, വാമനപുരം- ചിറ്റാർ റോഡ്, എന്നിവിടങ്ങളിലെ വാട്ടർ അതോറിട്ടിയുടെ റീസ്റ്റോറേഷൻ പ്രവൃത്തികൾ അടിയന്തരമായി പൂർത്തീകരിക്കാൻ നിർദ്ദേശം നൽകി. മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലെ ജലജീവൻ മിഷനുമായി ബന്ധപ്പെട്ട റോഡ് റീസ്റ്റോറേഷൻ പ്രവൃത്തികൾ പരിഹരിക്കാനും തീരുമാനിച്ചു. ആനാട്- കുറുപുഴ-നന്ദിയോട് കുടിവെള്ള പദ്ധതി, നീർപാറ ട്രൈബൽ കുടിവെള്ള പദ്ധതി, കൈലാസത്തുകുന്ന് കുടിവെള്ള പദ്ധതി എന്നിവ ഉടൻ പൂർത്തീകരിക്കും. കെ ടി കുന്ന്- ചീമവിള- ഭരതന്നൂർ പ്രദേശങ്ങൾക്കായുള്ള ഡക്റ്റയിൽ അയൺ പൈപ്പ് സ്ഥാപിക്കൽ പ്രവൃത്തികളും ഉടൻ ആരംഭിക്കും.വാട്ടർ അതോറിട്ടി എം.ഡി ഡോ. ദിനേശ് ചെറുവാട്ട് ഐ.എ.എസ്, ചീഫ് എൻജിനിയർ നാരായണൻ നമ്പൂതിരി, എക്സി. എൻജിനിയർമാർ, അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയർമാർ, എ.ഇമാർ, കോൺട്രാക്ടർ തുടങ്ങിയവർ പങ്കെടുത്തു.