papanasam

വർക്കല: കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ശക്തമായ മഴയെത്തുടർന്ന് പാപനാശം കുന്നിന്റെ വലിയൊരു ഭാഗം ഇടിഞ്ഞുവീണു. നോർത്ത് ക്ലിഫ് ഭാഗത്തെ പൊലീസ് എയ്ഡ് പോസ്റ്റിന്റെ സമീപത്തെ കുന്നാണ് ഇന്നലെ രാവിലെ 9ഓടെ ഇടിഞ്ഞത്. മഴ ശക്തമായതിനെത്തുടർന്ന് കുന്നുകളുടെ പല ഭാഗത്തും വിള്ളൽ ഉണ്ടായിരുന്നു. സുരക്ഷാവേലിയോടു ചേർന്ന് 10 മീറ്ററോളം വീതിയിലാണ് ഇടിഞ്ഞത്.

കുന്നിന്റെ മുനമ്പിലായുള്ള നടപ്പാത ഇടിഞ്ഞു വീഴാൻ സാദ്ധ്യതയുള്ളതിനാൽ കളക്ടറുടെ നിർദ്ദേശ പ്രകാരം ഇതിലൂടെയുള്ള സഞ്ചാരം നഗരസഭ താത്കാലികമായി നിരോധിച്ചിരുന്നു. അപകടമേഖലകളിൽ വേലികളും ജാഗ്രതാ ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്. സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്താനും ഫുട്പാത്ത് കഴിഞ്ഞുള്ള മേഖലകളിൽ വിനോദസഞ്ചാരികൾ പ്രവേശിക്കുന്നില്ലെന്ന് ഉറപ്പാക്കാനും നഗരസഭ സെക്രട്ടറി റിസോർട്ടുകൾക്കും കച്ചവടസ്ഥാപനങ്ങൾക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ക്ലിഫിനോട് ചേർന്നുള്ള മുറികളിൽ നിന്ന് സഞ്ചാരികളെ ഒഴിപ്പിക്കാനും നിർദ്ദേശിച്ചു. അപകടാവസ്ഥ നിലനിൽക്കുന്ന ഇടങ്ങളിൽ വർക്കല നഗരസഭ ചെയർമാൻ കെ.എം.ലാജി, സെക്രട്ടറി, തഹസീൽദാർ, റവന്യു ഉദോഗസ്ഥർ എന്നിവർ ഇന്നലെ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.

യുനെസ്കോയുടെ പൈതൃക പട്ടികയിൽ ഇടംനേടിയ വർക്കല പാപനാശം കുന്നുകൾ നിലവിൽ തകർച്ചയുടെ വക്കിലാണ്. മുൻ വർഷങ്ങളിലും കാലവർഷം ശക്തമാകുമ്പോൾ കുന്നിടിഞ്ഞിരുന്നു. 2013ൽ വലിയതോതിൽ കുന്നിടിഞ്ഞപ്പോൾ ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം ക്ലിഫ് സന്ദർശിക്കുകയും ജിയോളജിക്കൽ സർവേ ഒഫ് ഇന്ത്യ, സെസ്, ജിയോളജി വകുപ്പ് എന്നിവർ സംയുക്തമായി അടിയന്തര ഇടപെടൽ സ്വീകരിക്കണമെന്ന് നിർദ്ദേശിക്കുകയും ചെയ്തിരുന്നു.

ഫോട്ടോ: പാപനാശത്ത് ഇടിഞ്ഞുവീണ കുന്നിന്റെ ഭാഗം