തിരുവനന്തപുരം: മഴക്കാറൊന്ന് കണ്ടാൽ മതി, കണ്ണമ്മൂല, ഗൗരീശപട്ടം, ചാക്ക, ആനയറ നിവാസികൾക്ക് നെഞ്ചിടിപ്പേറും. അതൊരിക്കലും അവരുടെ കുറ്റമല്ല. അധികൃതരുടെ അനാസ്ഥയാണ് കാരണം. കഴിഞ്ഞ ദിവസങ്ങളിലായി തകർത്തു പെയ്ത വേനൽ മഴയിലും മുൻ വർഷങ്ങളിലെ കാലവർഷത്തിലും നഗരത്തിൽ ഏറ്റവുമധികം വെള്ളം കയറിയത് ഇവിടങ്ങളിലാണ്. വെള്ളക്കെട്ട് തടയാൻ നഗരസഭയോ മറ്റ് വകുപ്പുകളോ ഇതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ഇതുതന്നെയാണ് ഇവരുടെ പേടിയുടെ കാരണവും.
തോടുകൾ മുക്കുന്ന കണ്ണമ്മൂല
മഴപെയ്താൽ വെള്ളം ഇരച്ചെത്തി പുഴയാകുന്ന അവസ്ഥയിലാണ് കണ്ണമ്മൂല. പാറ്റൂർ, മൂലവിളാകം മേഖലകളിൽ റോഡുകൾ ഉൾപ്പെടെ വെള്ളത്തിനടിയിലായി. സമീപത്തുകൂടി ഒഴുകുന്ന പട്ടം, ഉള്ളൂർ, ആമയിഴഞ്ചാൻ തോടുകൾ കരകവിയുന്നതാണ് പ്രധാന കാരണം. വയലുകൾ കൂടുതലായിരുന്ന കണ്ണമ്മൂല വാർഡിൽ ഇവ നികത്തിയാണ് നിർമ്മാണങ്ങൾ വന്നത്. ഈ നിർമ്മാണങ്ങളുടെയെല്ലാം ഭാഗമായുള്ള മാലിന്യ പൈപ്പുകൾ ഈ തോടുകളിലാണ് ചെന്നെത്തുന്നത്. പലവട്ടം ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചെങ്കിലും ദിനംപ്രതി നൂറ് കിലോയിലധികം മാലിന്യം എത്തുന്നത് ഈ ഭാഗത്തെ തോടുകളുടെ ആഴം കുറച്ചു.
മഴവെള്ള സംഭരണികളോ മറ്റ് സംവിധാനങ്ങളോ ഇല്ലാത്ത ഇവിടെ വെള്ളം ഉയർന്നാൽ പ്രതിരോധിക്കാൻ മറ്റ് വഴികളില്ല. തോടുകളിലേക്കുള്ള മാലിന്യനിക്ഷേപം തടഞ്ഞ് യുദ്ധകാലാടിസ്ഥാനത്തിൽ ശുചീകരണം നടത്തിയാലേ ഇവിടത്തെ പ്രശ്നം പരിഹരിക്കപ്പെടുകയുള്ളൂ.
തീരാദുരിതത്തിൽ ചാക്ക നിവാസികൾ
മഴപെയ്താൽ ചാക്ക പ്രദേശം മുങ്ങും. പേട്ട ഭാഗത്ത് നിന്നുള്ള പ്രധാന റോഡിൽ നിന്നുൾപ്പെടെ വെള്ളം ഇരച്ചെത്തുന്നത് ഇങ്ങോട്ടേക്കാണ്. ഓടകളെല്ലാം നിറഞ്ഞ് ഒഴുകുന്നു. പോക്കറ്റ് റോഡ് ഉൾപ്പെടെ എല്ലാ പാതകളും വെള്ളത്തിനടിയിൽ. പരക്കുടി, താഴശ്ശേരി, അജന്തപുള്ളി ലെയിൻ നിവാസികളാണ് ഇതിൽ ഏറ്റവും അധികം ദുരിതമനുഭവിക്കുന്നത്. ചെറിയ മഴയിൽപ്പോലും വീടുകളിൽ വെള്ളം കയറും. ഹൈവേ നിർമ്മാണവുമായി ബന്ധപ്പെട്ട് ദേശീയപാത അതോറിട്ടി ഓട നിർമ്മിച്ചിരുന്നു. എന്നാൽ നഗരസഭയുടെ ഓടയും ഈ ഓടയും വ്യത്യസ്ത ലെവലുകളിൽ ആയിപ്പോയി. ഇതോടെ ഒഴുക്ക് തടസപ്പെട്ടു. മാലിന്യവും ചെളിയും കൂടിയതോടെ ഒഴുക്ക് പൂർണമായി നിലച്ച് വെള്ളം റോഡിലേക്കെത്തി. പാർവതി പുത്തനാറിലേക്കാണ് ഈ ഓട ഒഴുകുന്നത്. ഹൈവേയോടു ചേർന്ന ഓട വീതി കൂട്ടി പുനർനിർമ്മിക്കുകയും നിലവിലുള്ള ഓടകൾ സമയബന്ധിതമായി ശുചീകരിക്കുകയും ചെയ്താൽ പ്രശ്നത്തിന് പരിഹാരമാകും.
കഴുത്തറ്റം വെള്ളത്തിൽ ഗൗരീശപട്ടം
മഴ പെയ്താൽ ഗൗരീശപട്ടത്തും പരിസരപ്രദേശങ്ങളിലും കഴുത്തറ്റം വെള്ളം പൊങ്ങും. പട്ടം, ഉള്ളൂർ, ആമയിഴഞ്ചാൻ തോടുകൾ കരകവിഞ്ഞാൽ മുറിഞ്ഞപാലം കോസ്‌മോ ആശുപത്രിയിൽ ഉൾപ്പെടെ വെള്ളം ആർത്തുലച്ചെത്തും. ഗൗരീശപട്ടം, പുത്തൻപാലം, തേക്കുംമൂട് ഭാഗത്ത് അരയാൾപ്പൊക്കത്തിൽ വെള്ളം കയറും. പട്ടം- ഉള്ളൂർ തോടുകൾക്കിടയിലാണ് ഗൗരീശപട്ടം. 800ലധികം കുടുംബങ്ങളാണ് ഇവിടെയുള്ളത്. 200ലേറെ താഴ്ന്ന വീടുകൾ വെള്ളപ്പൊക്ക ഭീഷണയിൽ. തോടുകളിലെ മണ്ണും ചെളിയും മാലിന്യങ്ങളും നീക്കം ചെയ്യാത്തതാണ് ഇവിടെത്തെയും പ്രധാന പ്രശ്നം. തോട് ശുചീകരിക്കാത്തതിനാൽ ആഴം ഏഴടി വരെ കുറഞ്ഞു. മണ്ണിൽ കാട്ടുചെടികൾ അടിഞ്ഞുകൂടിയത് ഒഴുക്കിനേയും ബാധിച്ചു. തോടുകളുടെ ഇരുകരകളിലുമുള്ള കൈയേറ്റങ്ങളും പ്രശ്നം ഗുരുതരമാക്കുന്നു. തോടുകളുടെ ശുചീകരണം സമയബന്ധിതമായി പൂർത്തിയാക്കുകയും ആക്കുളം കായലിലേക്കുള്ള വെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കുകയും ചെയ്താലേ ഇവിടത്തുകാർക്ക് സമാധാനമായി ഉറങ്ങാനാകൂ.