
വർക്കല:വർക്കല ഇടവ വെറ്റക്കട ഭാഗത്തെ കടലിൽ വീണ് പത്താം ക്ലാസുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി.ഇടവ വെൺകുളം ചെമ്പകത്തിൻമൂട് പ്ലാവിള വീട്ടിൽ സാജന്റെയും സിബിയുടെയും മകൾ ശ്രേയയാണ് (15) കടലിൽ വീണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12ഓടെയായിരുന്നു സംഭവം.അപകടം നടന്നയുടൻ വിവരമറിഞ്ഞെത്തിയ പൊലീസും ഫയർഫോഴ്സും നടത്തിയ തെരച്ചിലിൽ കാപ്പിൽ പൊഴിമുഖത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്.പൊലീസ് നടപടികൾക്കു ശേഷം മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.ശ്രേയയുടെ മരണം ആത്മഹത്യയാവാമെന്നാണ് അയിരൂർ പൊലീസിന്റെ നിഗമനം.
അയിരൂരിലെ സ്വകാര്യ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായ ശ്രേയ, സ്കൂളിൽ പോകാൻ തയ്യാറാവുന്നതിനൊപ്പം മൊബൈലിൽ കൂടുതൽ സമയം ചെലവഴിക്കുന്നതിൽ മാതാപിതാക്കൾ ശകാരിച്ചിരുന്നു.തുടർന്ന് രക്ഷിതാക്കളോട് പിണങ്ങി സ്കൂളിൽ പോകാതിരുന്ന പെൺകുട്ടിയെ 10.30ഓടെ വീട്ടിൽ നിന്ന് കാണാതാവുകയായിരുന്നു.വെറ്റക്കട കടപ്പുറത്തെത്തിയ ശ്രേയയോടൊപ്പം ഒരു ആൺകുട്ടി കൂടി ഉണ്ടായിരുന്നതായും,ഇരുവരും ഏറെ നേരം തീരത്ത് നിന്നശേഷം പിന്നീട് കടലിലേക്ക് ഇറങ്ങിയതായും തുടർന്ന് ശക്തമായ തിരയിൽ ഇരുവരെയും കാണാതാവുകയായിരുന്നുവെന്നും മത്സ്യത്തൊഴിലാളികളിൽ ചിലർ പൊലീസിന് വിവരം നൽകി. എന്നാൽ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തതയില്ലെന്നും കൂടുതൽ വിവരങ്ങൾക്കായി സി.സി ടിവി കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.
ഫോട്ടോ: ശ്രേയ