വിഴിഞ്ഞം: വലിയ കടപ്പുറത്ത് കടൽക്ഷോഭം ശക്തമായ സാഹചര്യത്തിൽ വേലിയേറ്റ ഭീഷണി മുന്നിൽക്കണ്ട് മത്സ്യബന്ധന ഉപകരണങ്ങളും വള്ളങ്ങളും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. ഇന്നലെ രാവിലെ മുതൽ വലിയ കടപ്പുറത്ത് ചെറിയ രീതിയിൽ തിരയടി ഉണ്ടായിരുന്നെങ്കിലും വൈകിട്ടോടെ തിര ശക്തമായി. തുടർച്ചയായി പെയ്യുന്ന മഴയിൽ രാത്രിയിൽ ശക്തമായ വേലിയേറ്റമുണ്ടായാൽ കടപ്പുറത്ത് സൂക്ഷിച്ചിരിക്കുന്ന വള്ളങ്ങൾ തമ്മിലിടിച്ചോ തിരയിൽപ്പെട്ടോ തകരാനുള്ള സാദ്ധ്യതയുള്ളതിനാലാണ് വള്ളങ്ങൾ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത്. രണ്ട് ട്രാക്ടറുകളുടെ സഹായത്തോടെ മത്സ്യത്തൊഴിലാളികൾ ഏറെ പണിപ്പെട്ടാണ് വള്ളങ്ങൾ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത്.