തിരുവനന്തപുരം: കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷന്റെ മേനംകുളം ഗോഡൗണിലുണ്ടായ തീപിടിത്തത്തിനിടെ ഭിത്തി തകർന്നുവീണ് മരിച്ച ഫയർമാൻ രഞ്ജിത്തിന്റെ ഒന്നാംചരമ വാർഷികം ആചരിച്ചു. രഞ്ജിത്തിന്റെ സ്മൃതി മണ്ഡപത്തിന് മുന്നിൽ സഹപ്രവർത്തകർ പുഷ്പാഞ്ജലി അർപ്പിച്ചു. കേരള ഫയർ സർവീസസ് അസോസിയേഷന്റെ നേതൃത്വത്തിൽ ചാക്ക ഫയർ സ്റ്റേഷനിൽ നടന്ന അനുസ്മരണം സ്പീക്കർ എ.എൻ.ഷംസീർ ഉദ്ഘാടനം ചെയ്തു. ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് ഡയറക്ടർ ജനറൽ കെ.പദ്മകുമാർ മുഖ്യപ്രഭാഷണം നടത്തി. രണ്ടുമാസം മുമ്പ് ഹൃദയാഘാതം വന്നു മരിച്ച സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഷമീറിന്റെ കുടുംബത്തിന് കുടുംബസഹായ ഫണ്ട് കൈമാറി. ഡയറക്ടർ ടെക്നിക്കൽ നൗഷാദ്, റീജിയണൽ ഫയർ ഓഫീസർ അബ്ദുൾ റഷീദ്, കെ.എഫ്.എസ്.എ ജനറൽ സെക്രട്ടറി പ്രണവ്, രഞ്ജിത്തിന്റെ സഹോദരൻ ശ്രീജിത്ത്, സുഹൃത്തുക്കൾ തുടങ്ങിയവർ പങ്കെടുത്തു. മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സും കേരള സാമൂഹിക സുരക്ഷാമിഷനും സംയുക്തമായി സ്റ്റേഷനിൽ വച്ച് സൗജന്യ രക്തപരിശോധനാ ക്യാമ്പ് നടത്തി. അനുസ്മരണ വേളയിൽ അസ്വസ്ഥയായി നടന്ന രഞ്ജിത്തിന്റെ പ്രിയപ്പെട്ട നായ സൂസി ഉദ്യോഗസ്ഥർക്ക് വിങ്ങലായി.