കോവളം: ഗുണ്ടാലിസ്റ്റിൽപ്പെട്ട യുവാവിനെ തേടി വീട്ടിലെത്തിയ പൊലീസിനെ കത്തി കാട്ടി ഭീഷണിപ്പെടുത്തിയശേഷം പ്രതി രക്ഷപ്പെട്ടു.പൊലീസ് ജീപ്പിന്റെ ഗ്ലാസും യുവാവ് കല്ലെറിഞ്ഞ് തകർത്തു. മുട്ടയ്ക്കാട് കൈലിപ്പാറ കോളനി സ്വദേശി കണ്ണൻ എന്നു വിളിക്കുന്ന ഗോകുലാണ് (22) കോവളം പൊലീസിനെ ഭീഷണിപ്പെടുത്തി രക്ഷപ്പെട്ടത്. ഇന്നലെ രാവിലെ 10.30ഓടെയായിരുന്നു സംഭവം.ഓപ്പറേഷൻ ആഗിന്റെ ഭാഗമായി ഗുണ്ടാ ലിസ്റ്റിൽപ്പെട്ടവരെ കണ്ടെത്തി കരുതൽ തടങ്കലിൽ പാർപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കോവളം എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘം നിരവധി കേസിലെ പ്രതിയായ ഗോകുലിന്റെ വീട്ടിലെത്തിയത്. പിടികൂടുമെന്ന് കണ്ടതോടെ പ്രതി പൊലീസിനു നേരെ തിരിഞ്ഞു. തുടർന്ന് വീടിന്റെ പിറകുവശത്തുകൂടി ഓടി രക്ഷപ്പെടുന്നതിനിടയിലാണ് ഗോകുൽ ജീപ്പിന് നേരെയും ആക്രമണം നടത്തിയതെന്ന് അധികൃതർ അറിയിച്ചു.