കടയ്ക്കാവൂർ: അശാസ്ത്രീയമായ റോഡ് നിർമ്മാണം കാരണം വഴിനടക്കാൻ കഴിയാതെ കടയ്ക്കാവൂർ നിവാസികൾ. കടയ്ക്കാവൂർ ചെക്കാലവിളാകം ജംഗ്ഷനിൽ നിന്നും ജാനകി ആശുപത്രിയുടെ മുൻവശത്തുകൂടി കടയ്ക്കാവൂർ റെയിൽവെ സ്റ്റേഷനിലെത്താനുള്ള പഞ്ചായത്ത് റോഡിനാണ് ഈ അവസ്ഥ. റെയിൽവെ സ്റ്റേഷനിലേക്കും വക്കം ഭാഗങ്ങളിലേക്കും പോകുന്നതിനും ബസ് സ്റ്റാൻഡിലെത്താനുമുള്ള എളുപ്പവഴിയായതിനാൽ വാഹനയാത്രക്കാരും കാൽനടയാത്രക്കാരും വളരെ കൂടുതൽ ഉപയോഗിക്കുന്ന റോഡാണിത്. മഴക്കാലമായാൽ ഈ റോഡിൽ അവിടവിടെ ചെറിയ വെള്ളക്കെട്ടുണ്ടാകും ഒരു ദിവസം മഴയില്ലാതായാൽ വെള്ളക്കെട്ട് മാറുകയും ചെയ്യും ഇത് ജനങ്ങൾ കടയ്ക്കാവൂർ പഞ്ചായത്തിന്റെ ശ്രദ്ധയിൽപ്പെടുത്തി. വെള്ളക്കെട്ട് രൂക്ഷമായതോടെ
പഞ്ചായത്ത് റോഡ് നവീകരിക്കാൻ ടെൻഡർ കൊടുത്തു. എന്നാൽ ടെൻഡർ എടുത്തയാൾ വെള്ളം ഒഴുകി പോകാനുള്ള സൗകര്യമില്ലാതെ റോഡ് കോൺഗ്രീറ്റ് ചെയ്തു. അശാസ്ത്രീയമായ
ഈ റോഡ് നവീകരണമാണ് പല സ്ഥാപനങ്ങളുടെയും മുൻപിലെ വെള്ളക്കെട്ടിന് കാരണം. പല കടകളുടെയും സ്ഥാപനങ്ങളുടെയും മുൻവശം മുട്ടൊപ്പം വെള്ളപ്പൊക്കമായി. സ്കൂൾ തുറക്കാൻ ഇനി ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളു. നിരവധി വിദ്യാർത്ഥികൾ ആശ്രയിക്കുന്ന ഈ റോഡ് എത്രയും വേഗം നന്നാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.