വിതുര: മലയോരമേഖലയിൽ മഴശക്തമായതോടെ നദികളിലൊക്കെ ജലനിരപ്പ് ഉയർന്നുതുടങ്ങി. ഡാമുകളുടെ അവസ്ഥയും വിഭിന്നമല്ല. വറ്റിവരണ്ടുകിടന്ന നീർച്ചാലുകൾക്കും നീരുറവകൾക്ക് ജീവൻവെച്ചു. കടുത്തവേനൽചൂടിനെതുടർന്ന് പൊൻമുടി ഉൾപ്പടെയുള്ള മലയോരമേഖല ഉണങ്ങിവരണ്ട അവസ്ഥയിലായിരുന്നു. കഠിനമായ ചൂടേറ്റ് കൃഷികളും ഉണങ്ങിനശിച്ചിരുന്നു. ഇക്കുറി തുലാവർഷം കാര്യമായി കനിഞ്ഞിരുന്നില്ല. വേണ്ടരീതിയിൽ വേനൽമഴയും ലഭിച്ചില്ല. ഡിസംമ്പർ മാസത്തിലാണ് നേരിയതോതിലെങ്കിലും മഴപെയ്തത്. ഇതോടെ കടുത്തചൂടേറ്റ് കാർഷിക, വ്യാവസായികമേഖലകൾ സ്തംഭനാവസ്ഥയിലേക്ക് നീങ്ങുകയും ചെയ്തിരുന്നു. മാത്രമല്ല നദികളും കിണറുകളും വറ്റി വരളുകയും ശുദ്ധജലക്ഷാമം രൂക്ഷമാകുകയും ജനം കുടിനീരിനായി പരക്കംപായുകയും ചെയ്തു. തുലാവർഷം ചതിച്ചതും ജലക്ഷാമത്തിന് കാരണമായി. ഇക്കുറി ഡിസംമ്പർ മുതൽ മേയ് ആദ്യവാരം വരെ വേനൽമഴയും കാര്യമായി പെയ്തിരുന്നില്ല. ഇപ്പോൾ പെയ്തിറങ്ങുന്ന വേനൽമഴക്ക് പുറമേ ഇടവപ്പാതികൂടി എത്തുന്നുതോടെ കൂടുതൽ നാശനഷ്ടങ്ങൾ സംഭവിക്കുവാൻ സാദ്ധ്യതയുണ്ടെന്നാണ് കണക്കുകൂട്ടൽ.

 കൃഷിനാശവും

താഴ്ന്ന പ്രദേശങ്ങളിൽ വെള്ളംകയറിയതോടെ വിതുര, തൊളിക്കോട് പഞ്ചായത്തുകളിൽ വ്യാപക കൃഷിനാശം സംഭവിച്ചു. വാഴ, പച്ചക്കറി കൃഷികളാണ് കൂടുതൽനശിച്ചത്. മാത്രമല്ല മഴയത്തുംകാറ്റത്തും മരങ്ങൾ ഒടിഞ്ഞും കടപുഴകിയും വീണ് വീടുകൾക്ക് കേടുപാടുണ്ടാകുകയും ചെയ്തിട്ടുണ്ട്. ചില മേഖലകളിൽ മരങ്ങൾ വീണ് വൈദ്യുതിലൈനുകളുംപോസ്റ്റുകളും തകർന്നു. ഇലക്ട്രിസിറ്റിവകുപ്പിനും കനത്തനാശനഷ്ടമുണ്ട്. മഴ എത്തിയതോടെ വൈദ്യുതിവിതരണവും തടസപ്പെടുന്നതായും പരാതിയുണ്ട്.

 സംസ്ഥാനപാത വെള്ളത്തിൽ

മഴകനത്തതോടെ ഗ്രാമീണമേഖലയിലെ റോഡുകൾ താറുമാറായി. പൊൻമുടി-തിരുവനന്തപുരം സംസ്ഥാനപാതയിലെ മിക്കജംഗ്ഷനുകളിലും വെള്ളക്കെട്ട് രൂപാന്തരപ്പെട്ടിട്ടുണ്ട്. റോ‌ഡ് ടാറിംഗ് നടത്തിയെങ്കിലും മിക്ക ഭാഗത്തും ഓടകൾ നിർമ്മിച്ചിട്ടില്ല. നിലവിലുണ്ടായിരുന്ന ഓടകളിൽഭൂരിഭാഗവും മൂടപ്പെട്ടു. തൊളിക്കോട്, പേരയത്തുപാറ, ഇരുത്തലമൂല, ചേന്നൻപാറ, വിതുര ശിവൻകോവിൽജംഗ്ഷൻ, വിതുര ഹൈസ്കൂൾ ജംഗ്ഷൻ എന്നിവിടങ്ങളിൽ മഴപെയ്യുമ്പോൾ റോഡ് തോടായി മാറുന്ന അവസ്ഥയിലാണ്.

 കല്ലാറിൽ മലവെള്ളപ്പാച്ചിൽ

പൊൻമുടി ബോണക്കാട് വനമേഖലകളിൽ കഴിഞ്ഞദിവസം രാത്രിയിൽ ശക്തമായ മഴപെയ്തതിനെതുടർന്ന് കല്ലാറിലേക്ക് മലവെള്ളപ്പാച്ചിലുണ്ടാകുകയും ഉരുൾപൊട്ടൽ കിംവദന്തി പരക്കുകയും ചെയ്തു. വനത്തിൽ നിന്നും മരങ്ങളും പാറകളും ഒഴുകിയെത്തി. പാലങ്ങൾ ഒരുമണിക്കൂറോളം വെള്ളത്തിൽ മുങ്ങി. മഴപെയ്തതോടെ നിശ്ചലാവസ്ഥയിലായിരുന്ന വാമനപുരം നദിയിലെ നീരൊഴുക്ക് വർദ്ധിച്ചിട്ടുണ്ട്. പേപ്പാറഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ മഴശക്തമായതിനെ തുടർന്ന് ഡാമിലെ ജലനിരപ്പും ഉയർന്നു. വൈദ്യുതി ഉത്പാദനവും ഉഷാറായി. മഴയെ തുടർന്ന് വിനോദസഞ്ചാരകേന്ദ്രമായ പൊൻമുടി ഒരാഴ്ചയായി അടച്ചിട്ടിരിക്കുകയാണ്. അടുത്തആഴ്ച തുറക്കുവാനാണ് തീരുമാനം.