photo

തിരുവനന്തപുരം: ഒരാഴ്ചയായി പെയ്യുന്ന മഴയിൽ വെള്ളം കയറിയതോടെ ചാല കൊത്തുവാൾ സ്ട്രീറ്റിലെ കടകൾ അപകടഭീഷണിയിൽ.നൂറ്റാണ്ടുകൾ പഴക്കമുള്ള കടകളുടെ തറ ഇടിഞ്ഞുതാണിരിക്കുകയാണ്. കടകളിലേക്ക് പ്രവേശിക്കാനുള്ള തിട്ടകളും തകർന്നു.സ്മാർട്ട് സിറ്റി നിർമ്മാണത്തിന്റെ ഭാഗമായുള്ള കുഴികളിൽ വെള്ളം കെട്ടിക്കിടക്കുന്നതും കെട്ടിടങ്ങൾക്ക് ഭീഷണിയാണ്.

അശാസ്ത്രീയ നിർമ്മാണമാണ് കടകളിലേക്ക് വെള്ളം കയറാൻ കാരണമെന്ന് കച്ചവടക്കാർ ആരോപിക്കുന്നു. വെള്ളം കയറിയതോടെ പല കടകളും അടച്ചിട്ടിരിക്കുകയാണ്. കടകൾക്കുണ്ടായ കേടുപാടുകൾ അടിയന്തരമായി പരിഹരിക്കാമെന്ന് അധികൃതർ ഉറപ്പുനൽകിയെങ്കിലും നടപടിയുണ്ടായിട്ടില്ലെന്നും കടയുടമകൾ പറയുന്നു. മോട്ടോർ ഉപയോഗിച്ച് കുഴികളിൽ നിന്ന് വെള്ളം അടിച്ചുകളയുന്നുണ്ടെങ്കിലും മഴ തുടരുന്നതിനാൽ കുഴികളിൽ വീണ്ടും വെള്ളം നിറയുകയാണ്.

കഴിഞ്ഞ ഒക്ടോബറിലാണ് കൊത്തുവാൾ തെരുവിൽ സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി നിർമ്മാണമാരംഭിച്ചത്. സ്മാർട്ട് സിറ്റിക്കായി ഓട പൂർണമായി പൊളിച്ചപ്പോൾ വെള്ളം ഒഴുകിപ്പോകാൻ സംവിധാനമൊരുക്കിയില്ല. ആകെ 369 മീറ്റർ നീളമുള്ള സ്ട്രീറ്റിന്റെ 250 മീറ്ററിലേറെ നിർമ്മാണത്തിനായി പൊളിച്ചിട്ടിരിക്കുകയാണ്.

പ്രവേശനം

സാഹസികമായി

കുഴികൾക്ക് കുറുകെ ഇട്ടിരിക്കുന്ന പലകകളിലൂടെ വേണം കടകളിലേക്ക് പ്രവേശിക്കാൻ. ഇതിലൂടെ നടന്ന പലരും കുഴികളിൽ വീണു. നിർമ്മാണത്തിന്റെ ഭാഗമായി തെരുവിൽ ഉയർന്നുനിൽക്കുന്ന കമ്പികളും അപകടഭീഷണിയാകുന്നു.