nikshepam

വിതുര: ട്രൈബൽ സ്കൂളും പെരുമാൾമുത്തൻ തമ്പുരാൻ ക്ഷേത്രവും അമ്പതോളം ആദിവാസി കുടുംബങ്ങളും താമസിക്കുന്ന ഏരിയയിലെ റോഡിൽ കഴിഞ്ഞദിവസം പെയ്ത കനത്തമഴയുടെ മറവിൽ വൻതോതിൽ മാലിന്യം നിക്ഷേപിച്ചതായി പരാതി. ആര്യനാട് തൊളിക്കോട് പഞ്ചായത്തിലെ അതിർത്തി പ്രദേശമായ ചെട്ടിയാംപാറ ട്രൈബൽ സ്കൂളിനു മുന്നിലും സമീപ വീടുകളുടെ മുന്നിലുമായാണ് ടൺകണക്കിന് മാലിന്യം നിക്ഷേപിച്ചത്. പ്രദേശത്ത് പനിയുൾപ്പെടെയുള്ള രോഗങ്ങൾ പടരുന്നതിനിടെയാണ് ഈ സംഭവം. നിലവിൽ ഈ റോഡിലൂടെ മൂക്കുപൊത്തി നടക്കേണ്ട അവസ്ഥയിലാണ് പ്രദേശവാസികൾ. ചാക്കുകളിലും പ്ലാസ്റ്റിക്ക് കവറുകളിലുമായാണ് മാലിന്യം കൊണ്ട് തള്ളിയിരിക്കുന്നത്. നഗരത്തിലെ തമ്പാനൂർ, പഴവങ്ങാടി വിലാസത്തിലെ ബിവറേജസ് ബില്ലുകളും മദ്യക്കുപ്പികളും കെട്ടിടാവശിഷ്ടങ്ങളുമുൾപ്പെടെ ഈ മാലിന്യത്തിലുണ്ട്. ആര്യനാട് പൊലീസും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും ഫോറസ്റ്റ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയെങ്കിലും മാലിന്യം നീക്കാനുള്ള നടപടികളൊന്നും കൈക്കൊണ്ടില്ല. അതേസമയം പ്രധാന റോഡായ ആര്യനാട് - പറണ്ടോട് - മലയടി റോഡിൽ ഫോറസ്റ്റ് ഓഫീസിനു സമീപം റോഡിന് ഇരുവശവും ഇരുട്ടിന്റെ മറവിൽ ഹോട്ടൽ മാലിന്യവും വീടുകളിൽ നടക്കുന്ന വിരുന്നു സത്ക്കാരാവശിഷ്ടങ്ങളും നിക്ഷേപിക്കുന്നത് പതിവാണെന്നും നാട്ടുകാർ പറയുന്നു. നാട്ടുകാരും പഞ്ചായത്തും പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ തിരുവനന്തപുരം കേന്ദ്രമാക്കിയുള്ള ഏജൻസിയാണ് മാലിന്യം തള്ളിയതെന്ന് കണ്ടെത്തി. അവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചതായി തൊളിക്കോട് പഞ്ചായത്ത് ആരോഗ്യസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ തോട്ടുമുക്ക് അൻസർ പറഞ്ഞു.