തിരുവനന്തപുരം: ചെറിയ മഴയിൽപ്പോലും നഗരത്തെ മുക്കുന്ന കൈയേറ്റങ്ങൾ കണ്ടെത്തിയിട്ടും നടപടിയെടുക്കാതെ നഗരസഭ ഉഴപ്പുന്നു. ശുചീകരണം കൊണ്ട് മാത്രം വെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കാനാകില്ലെന്ന് ബോദ്ധ്യപ്പെട്ടിട്ടും തുടർ നടപടികൾ സ്വീകരിക്കുന്നില്ല. നടപടിയെടുത്താൽ നഗരസഭ ഭരണസമിതിയുടെ വേണ്ടപ്പെട്ടവരുടേയും ബന്ധുക്കളുടേയും കൈയേറ്റങ്ങൾ കൂടി ഒഴിപ്പിക്കേണ്ടി വരും. തോടുകളുടെ ശേഷിക്കുറവും കൈയേറ്റങ്ങളുമാണ് നഗരത്തിലെ വെള്ളപ്പൊക്കത്തിന്റെ പ്രധാന കാരണമെന്ന് നഗരസഭ ഉദ്യോഗസ്ഥരും ജലസേചന വകുപ്പ് ഉദ്യോഗസ്ഥരും കണ്ടെത്തിയിരുന്നു. ഓടകൾ മൂടിയുള്ള നിർമ്മാണപ്രവർത്തനങ്ങൾ വെള്ളപ്പൊക്കത്തിന്റെ ആക്കം കൂട്ടി.
തോടുകൾ കൈയേറി
കരിയിൽ, പട്ടം, കുര്യാത്തി തോടുകളിലെ കൈയേറ്റവും മാലിന്യ നിക്ഷേപവും തോടുകളുടെ സ്വാഭാവിക ഒഴുക്കിനെ തടസപ്പെടുത്തി. ഇതിനെതിരെ നടപടിയെടുക്കണമെന്ന് ശുപാർശ വന്നെങ്കിലും നഗരസഭ ആ ഫയൽ പൂഴ്ത്തിയെന്നാണ് ആരോപണം. മുട്ടത്തറ വാർഡിലെ ത്രിമൂർത്തി നഗറിന് പുറകിലൂടെ ഒഴുകുന്ന കരിയിൽ തോട്ടിലെ ഒഴുക്ക് കമലേശ്വരം, അമ്പലത്തറ, കളിപ്പാൻകുളം ഉൾപ്പെടെ പത്തോളം കോർപ്പറേഷൻ വാർഡുകളെ ബാധിക്കുന്നതാണ്. പട്ടം, കുര്യാത്തി തോടുകളുടെയും കരകളും വ്യാപകമായി കൈയേറിയിട്ടുണ്ട്. കരിയിൽ, കുര്യാത്തി, പട്ടം തോടുകളിൽ വീട്ടുമാലിന്യങ്ങളും മറ്റ് അജൈവ മാലിന്യങ്ങളും നിക്ഷേപിക്കാൻ തുടങ്ങിയതോടെ സ്വാഭാവിക ഒഴുക്ക് തടസപ്പെട്ടു. ഇരുവശത്തും നിർമ്മാണപ്രവർത്തനങ്ങൾ കൂടിയായതോടെ തോടുകൾ ചുരുങ്ങി ഓട പോലെയായി. ആമയിഴഞ്ചാൻ തോടിന്റെ കരയിലും വലിയ കൈയേറ്റങ്ങളുണ്ട്.
ആമയിഴഞ്ചാൻ തോടിന്റെ വീതി കൂട്ടാതെ കണ്ണമ്മൂല, കുന്നുകുഴി, പാറ്റൂർ തുടങ്ങിയ പ്രദേശങ്ങളിലെ വെള്ളക്കെട്ടിന് പരിഹാരമുണ്ടാകില്ല. തോടുകളുടെ വശങ്ങളിൽ വ്യാപക കൈയേറ്റമുണ്ട്. ഇത് ഒഴിപ്പിക്കണം. ഇവിടങ്ങളിലെ തോടുകളിൽ വ്യാപകമായി മണ്ണും അടിഞ്ഞുകൂടിയിട്ടുണ്ട്. മണ്ണും ചെളിയും നീക്കം ചെയ്യാതെ ഒരു കാലത്തും വെള്ളപ്പൊക്കത്തിന് പരിഹാരമുണ്ടാകില്ല. നാലുമുക്ക് ഭാഗത്ത് പല ദിശകളിൽ നിന്ന് തോട്ടിലേക്ക് വെള്ളം എത്തുന്നുണ്ട്. കുത്തിയൊലിച്ച് എത്തുന്ന വെള്ളം ഒഴുകിപ്പോകാതെ നാലുമുക്ക് ഭാഗത്ത് ചുറ്റിക്കറങ്ങുകയാണ്.
ഐ.ടി നഗരവും മുങ്ങുന്നു
ഐ.ടി നഗരമായ കഴക്കൂട്ടവും ഇപ്പോൾ വെള്ളപ്പൊക്ക ഭീഷണയിലാണ്. ചെറുമഴയിൽപ്പോലും ഫ്ളൈഓവറിന് അടിവശത്തുൾപ്പെടെ അരയ്ക്കൊപ്പം വെള്ളമുയരും. തെറ്റിയാറിന്റെ ഒഴുക്ക് തടസപ്പെടുന്നതാണ് പ്രദേശത്തെ പ്രധാനമായും വെള്ളത്തിൽ മുക്കുന്നത്.
ബൈപ്പാസ് നിർമ്മാണവും സമീപത്തെ വൻകിട നിർമ്മാണങ്ങളും തെറ്റിയാറിന്റെ ഒഴുക്കിനെ സാരമായി ബാധിച്ചു. സമീപത്തെ പല ഡ്രൈനേജുകളും അടഞ്ഞ നിലയിലാണ്.
അയിരൂപ്പാറ, കാട്ടായിക്കോണം, വെട്ടുറോഡ് എന്നീ ഭാഗങ്ങളിൽ നിന്ന് ഉത്ഭവിക്കുന്ന തെറ്റിയാർ കഴക്കൂട്ടത്ത് വച്ചാണ് ഒന്നായി ഒഴുകുന്നത്. കുളത്തൂർ, പൗണ്ട്കടവ് എന്നിവിടങ്ങളിലൂടെ ഒഴുകിയെത്തി നൂറടി പാലത്തിന് സമീപം വച്ചാണ് തെറ്റിയാർ ആക്കുളം കായലിൽ ചേരുന്നത്. മൂന്ന് കൈവഴികൾ ഒന്നാകുന്ന കഴക്കൂട്ടം മുതൽ ഇരുവശങ്ങളിലും നിർമ്മാണങ്ങൾ നിരവധിയാണ്. പലയിടങ്ങളിലും വശങ്ങൾ ചുരുങ്ങി ചെറിയ കൈത്തോടായി മാറി. നിരവധി പരാതികൾ നഗരസഭയുടെ മുന്നിൽ എത്തിയെങ്കിലും നടപടിയില്ലാതെ കെട്ടികിടക്കുകയാണ്.