തിരുവനന്തപുരം: സി.എസ്.ഐ ദക്ഷിണകേരള മഹായിടവകയിലെ അധികാരത്തർക്കത്തിൽ ഇന്നലെയും പരിഹാരമായില്ല. തിരുവനന്തപുരം സബ് കളക്ടർ ഡോ. അശ്വതി ശ്രീനിവാസൻ വിളിച്ചുചേർത്ത അനുരഞ്ജനയോഗം തീരുമാനമാകാതെ പിരിഞ്ഞു. ഭരണച്ചുമതലയുടെ കാര്യത്തിൽ ഇരുവിഭാഗവും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്തതാണ് അനുരഞ്ജനം പാളാൻ കാരണം. ഇന്നും ചർച്ച തുടരുമെന്നും തീരുമാനമുണ്ടാകുന്നതുവരെ സഭാ ആസ്ഥാനം തഹസിൽദാരിന്റെ നേതൃത്വത്തിലുള്ള നിയന്ത്രണത്തിലായിരിക്കുമെന്നും സബ് കളക്ടർ അറിയിച്ചു.

മഹായിടവകയുടെ ഭരണവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ നിന്ന് തങ്ങൾക്ക് അനുകൂല വിധിയുണ്ടെന്ന് ചൂണ്ടിക്കാട്ടി മുൻ അഡ്മിനിസ്ട്രേറ്റീവ് സെക്രട്ടറി ടി.ടി.പ്രവീണിന്റെ നേതൃത്വത്തിൽ ഒരു വിഭാഗം വിശ്വാസികൾ ബിഷപ്പിന്റെ ചുമതലയുള്ള ഡോ. മനോജ് റോയ്സ് വിക്ടറിനെ സഭാ ആസ്ഥാനത്തുനിന്ന് ഇറക്കിവിട്ടതോടെയാണ് സംഘർഷങ്ങൾക്ക് തുടക്കമായത്. ഇതിനെതിരെ രംഗത്തെത്തിയ മറുവിഭാഗം പുറത്തേക്ക് പോകാനൊരുങ്ങിയ ബിഷപ്പിനെ തടയുകയും ടി.ടി.പ്രവീൺ അടക്കമുള്ളവർക്കെതിരെ മുദ്രാവാക്യവുമായി പാളയം എൽ.എം.എസ് പള്ളിക്കു മുമ്പിൽ ഒത്തുചേരുകയുമായിരുന്നു.

സംഘർഷം രൂക്ഷമായതിനെത്തുടർന്ന് വ്യാഴാഴ്ച രാത്രി പൊലീസ് ലാത്തിവീശി. തുടർന്ന് സബ് കളക്ടറുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ സഭാ ആസ്ഥാനത്തിന്റെ നിയന്ത്രണം തഹസിൽദാർക്ക് കൈമാറുകയായിരുന്നു.