വെള്ളറട: പനച്ചമൂട് മാർക്കറ്റിൽ ഫിഷറീസ് ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന നവീകരണ പ്രവർത്തനങ്ങൾ നവംബറിൽ പൂർത്തീകരിക്കാൻ ധാരണയായി. സി.കെ. ഹരീന്ദ്രൻ എം.എൽ.എയുടെ നേതൃത്വത്തിൽ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ പഞ്ചായത്ത് പ്രസിഡന്റ് എം. രാജ്മോഹന്റെയും ജനപ്രതിനിധികളുടെയും വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികളുടെയും നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് നവീകരണ പ്രവർത്തനങ്ങൾ വേഗത്തിലാക്കണമെന്ന ആവശ്യം ഉയർന്നത്. കരാറുകാരനോട് നവംബർ 30ന് മുമ്പായി പണികൾ പൂർത്തീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ കച്ചവടക്കാരും സാധനം വാങ്ങാനെത്തുന്നവരും ഏറെ ബുദ്ധിമുട്ടനുഭവിക്കുന്നുണ്ട്. പുലർച്ചെ മത്സ്യവുമായി എത്തുന്ന വാഹനങ്ങൾക്ക് മാർക്കറ്റിനുള്ളിൽ പ്രവേശിക്കാൻ കഴിയാത്തതിനാൽ മെയിൻ റോഡിൽ വച്ചുതന്നെ ലേലം നടത്തുകയാണ്. ഇതിനാൽ പുലർച്ചെ വാഹന ഗതാഗതക്കുരുക്കും അനുഭവപ്പെടുന്നു. ഇതിനു പുറമെ ഈ വാഹനങ്ങളിലെ മലിനജലം റോഡിലേക്ക് തുറന്നുവിടുന്നത് കച്ചവടക്കാരെയും വഴിയാത്രക്കാരെയും ഏറെ ബുദ്ധിമുട്ടിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കണമെന്ന നിർദ്ദേശം ഉയർന്നത്.