തിരുവനന്തപുരം: നോർക്ക റൂട്ട്സിൽ വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾക്കായി ഹോളോഗ്രാം ലേബൽ, ക്യൂ.ആർ കോഡ് എന്നിവ ആലേഖനം ചെയ്ത അറ്റസ്റ്റേഷൻ സംവിധാനത്തിന്റെ ഉദ്ഘാടനം നോർക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ നിർവഹിച്ചു.
രാജ്യത്ത് ആദ്യമായാണ് സംസ്ഥാന സർക്കാർ ഏജൻസി ഇത്തരം സുരക്ഷാ സംവിധാനങ്ങൾ ലഭ്യമാക്കുന്നത്. പ്രതിവർഷം 60,000 ത്തോളം സർട്ടിഫിക്കറ്റുകൾ അറ്റസ്റ്റ് ചെയ്യുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ഏജൻസിയാണ് നോർക്ക. വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ സാക്ഷ്യപ്പെടുത്തുന്നതിന് കേന്ദ്ര കേരള സർക്കാരുകൾ അധികാരപ്പെടുത്തിയ നോർക്ക റൂട്ട്സിന് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലായി മൂന്ന് സർട്ടിഫിക്കറ്റ് ഓഥന്റിക്കേഷൻ സെന്ററുകളുണ്ട്.
അദ്ധ്യാപക സ്ഥലംമാറ്റം
ഓൺലൈനായി
തിരുവനന്തപുരം: ഈ വർഷം മുതൽ സർക്കാർ സ്കൂളുകളിൽ ഒന്നു മുതൽ പത്തുവരെ ക്ലാസുകളിലെ അദ്ധ്യാപകരുടെ സ്ഥലംമാറ്റവും നിയമനവും കൈറ്റിന്റെ പരിഷ്കരിച്ച സോഫ്റ്റ് വെയർ വഴിയാകുന്നു. ഇതുമായി ബന്ധപ്പെട്ട് 277 പ്രൊവിഷണൽ ലിസ്റ്റുകൾ ഇതുവരെ പ്രസിദ്ധീകരിച്ചു. ഓൺലൈൻ രജിസ്ട്രേഷൻ സമയത്ത് പെൻ നമ്പറും മൊബൈൽ നമ്പറും നൽകുമ്പോൾ അദ്ധ്യാപകരുടെ വിശദാംശങ്ങൾ 'സമ്പൂർണ' പോർട്ടലിൽനിന്നും ലഭ്യമാകും. അദ്ധ്യാപകർക്ക് അനുബന്ധരേഖകൾ ഓൺലൈനായി നൽകാം. സ്ഥലംമാറ്റമാവശ്യമായ ഓപ്ഷനുകളുടെ എണ്ണം 10ൽ നിന്നും 20 ആക്കി. അദ്ധ്യാപകരുടെ പരാതികളും ഇനി ഓൺലൈനായി നൽകാം. ഡി.ഡി.ഇ തലത്തിലുണ്ടായിരുന്ന റീസെറ്റ് ഓപ്ഷൻ ഈ വർഷം മുതൽ പ്രഥമാദ്ധ്യാപകർക്ക് ലഭ്യമാക്കിയിട്ടുണ്ട്. ഡി.ഡി.ഇ. ഓഫീസുകളിൽനിന്ന് പ്രൊവിഷണൽ ലിസ്റ്റുകളും ജനറേറ്റ് ചെയ്യാം.
പതിനായിരത്തോളം അദ്ധ്യാപകരാണ് ഈ വർഷം സ്ഥലംമാറ്റത്തിന് അപേക്ഷിച്ചിട്ടുള്ളത്.
ജല അതോറിട്ടിയുടെ
'1916'' നമ്പർ തകരാറിലായി
തിരുവനന്തപുരം:സ്മാർട്ട് സിറ്റിയുടെ റോഡ് നിർമ്മാണത്തിനിടെ ബി.എസ്.എൻ.എൽ കേബിൾ പൊട്ടിയതിനെ തുടർന്ന് ജല അതോറിട്ടിയുടെ കേന്ദ്രീകൃത ടോൾഫ്രീ നമ്പറായ '1916'' തകരാറിലായി. ബി.എസ്.എൻ.എൽ കണക്ഷൻ പുനഃസ്ഥാപിച്ചാൽ മാത്രമേ ഈ നമ്പറിലെ സേവനം ഇനി ലഭ്യമാവുകയുള്ളൂവെന്ന് വാട്ടർ അതോറിട്ടി അറിയിച്ചു.