ddd

തിരുവനന്തപുരം : മരണമുനമ്പിൽ നിന്ന് എണ്ണമറ്റ ഹൃദയങ്ങൾക്ക് വീണ്ടും ജീവന്റെ തുടിപ്പ് നൽകാൻ കാലം നിയോഗിച്ച മാർത്താണ്ഡവർമ്മ ശങ്കരൻ വല്യത്താൻ എന്ന എം.എസ്.വല്യത്താൻ നവതിയുടെ നിറവിൽ. ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് എന്ന സ്ഥാപനത്തിന്റെ ആദ്യ ഡയറക്ടറായി കേരളത്തിൽ മാത്രല്ല വൈദ്യശാസ്ത്ര മേഖലയിൽത്തന്നെ കാലം മായ്ക്കാത്ത കൈയ്യൊപ്പ് ചാർത്തിയ വല്യത്താൻ നവതിയിലും വിനായന്വിതനാണ്. "എന്നെ കൊണ്ട് പറ്റുന്ന കാര്യങ്ങളൊക്കെ ചെയ്തു, 90 ആയില്ലേ ഇനി വിശ്രമം ആവാം."

ജന്മദിനത്തിൽ മണിപ്പാലിലെ വീട്ടിലിരുന്ന് കേരളകൗമുദിയോട് പറഞ്ഞു. പഞ്ചാബിയായ ഭാര്യ അഷിനയ്ക്കും ആരോഗ്യപ്രശ്നങ്ങളുണ്ട്.ഇരുവരും മാത്രമാണ് വീട്ടിലുള്ളത്.മണിപ്പാൽ യൂണിവേഴ്സിറ്റിയിലെ പത്തോളജി വിഭാഗം പ്രൊഫസറായ മകൾ ഡോ. മന്നയും യൂണിവേഴ്സിറ്റിയിലെ ഹെഡ് ആൻഡ് നെക്ക് സർജറി വിഭാഗം മേധാവിയായ ഭർത്താവ് ഡോ.സുരേഷ് പിള്ളയും സമീപത്താണ് താമസം. മകൻ ഡോ.മനീഷും കുടുംബവും അമേരിക്കയിലാണ്. ചെറുമക്കളെല്ലാം വിവിധ സ്ഥലങ്ങളിലാണ്.എഴുത്തും വായനയും വീട്ടിനുള്ളിലെ നടത്തവുമായി വിശ്രമ ജീവിതം നയിക്കുന്നു.

കലണ്ടർ പ്രകാരം ഇന്നലെ 90 തികഞ്ഞു. ഇടവത്തിലെ ചിത്തിരയാണ് നക്ഷത്രം. അത് 20നായിരുന്നു. പിറന്നാൾ ദിനത്തിൽ മണിപ്പാൽ യൂണിവേഴ്സിറ്റി കാമ്പസിലെ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തുന്ന പതിവുണ്ടായിരുന്നെങ്കിലും ന്യൂറോ സംബന്ധമായ പ്രശ്നങ്ങൾ കാരണം നടക്കാനുള്ള ബുദ്ധിമുട്ടുള്ളതിനാൽ ഇത്തവണ അത് ഒഴിവാക്കി. ഡോക്ടർമാരും വിശ്രമമാണ് നിർദ്ദേശിച്ചിരിക്കുന്നത്.എന്നാൽ മണിപ്പാൽ യൂണിവേഴ്സിറ്റിയുടെ മെന്റർ എന്ന നിലയിൽ യൂണിവേഴ്സിറ്റിയ്ക്ക് സമീപം ഓഫീസും സ്റ്റാഫും ഇപ്പോഴും വല്യത്താനുണ്ട്.ആഴ്ചയിലൊരിക്കൽ അവിടെയെത്തും. ഗവേഷണ വിദ്യാർത്ഥികൾക്ക് ഉൾപ്പടെ തന്നോട് സംസാരിക്കാൻ താത്പര്യമുള്ളവരെ നിരാശരാക്കില്ല. 25 വർഷമായി ആ പതിവ് തുടരുകയാണ്.

ശ്രീചിത്ര വിട്ട് 1994ൽ മണിപ്പാൽ യൂണിവേഴ്സിറ്റിയുടെ ആദ്യ വൈസ് ചാൻസലറായി എത്തിയ അദ്ദേഹം 1999വരെ സ്ഥാനത്ത് തുടർന്നു.

മാവേലിക്കര ഗവ. ഹൈസ്‌കൂളിൽ പഠിച്ച് രാജ്യത്തിന് അഭിമാനമായ വല്യത്താൻ വ്യത്യസ്തമായ ശൈലിയാണ് സ്വീകരിച്ചത്. അലോപ്പതിയും ആയുർവേദവും പലപ്പോഴും ഏറ്റുമുട്ടുമ്പോഴും രണ്ടിലും അതിന്റേതായ ഗുണങ്ങൾ കണ്ടെത്താൻ പരിശ്രമിച്ച വ്യക്തിയായിരുന്നു അദ്ദേഹം. ആയുർവേദവും അലോപ്പതിയും സമന്വയിപ്പിച്ചു കൊണ്ടുപോകാവുന്ന സാദ്ധ്യതകൾ കണ്ടെത്താനും ശ്രദ്ധിച്ചു. 2005ൽ രാജ്യം പത്മവിഭൂഷൺ നൽകി ആദരിച്ചു.