വിഴിഞ്ഞം: കനത്ത മഴയിൽ കാർഷിക കോളേജ് - കാക്കാമൂല ബണ്ട് റോഡ് വെള്ളത്തിൽ മുങ്ങി.നിരവധി ഇരുചക്ര വാഹന യാത്രക്കാർ വെള്ളക്കെട്ടിൽ വീണു. മഴ തുടർന്നാൽ ഇനിയും ജലനിരപ്പുയരാൻ സാദ്ധ്യതയുണ്ട്. നിലവിൽ റോഡിൽ ഗതാഗതം തടഞ്ഞിട്ടില്ലാത്തതിനാലും മുന്നറിയിപ്പ് ബോർഡ് ഇല്ലാത്തതിനാലും ഇരുചക്ര വാഹന യാത്രക്കാർ ബുദ്ധിമുട്ടുകയാണ്. റോഡിലെ കുണ്ടും കുഴിയും അറിയാതെ വാഹനങ്ങൾ അപകടത്തിലാകുന്നുണ്ട്.
പാലം നിർമ്മാണം ഉടൻ
പ്രോജക്ട് എക്സിക്യുഷന്‍ ഡോക്യുമെന്റ് കിഫ്ബി അംഗീകരിക്കുന്നതോടുകൂടി എഗ്രിമെന്റ് വച്ച് പ്രവൃത്തി ആരംഭിക്കാൻ കഴിയുമെന്ന് എം.വിൻസെന്റ് എം.എൽ.എ അറിയിച്ചു. 28.6 കോടി രൂപ ചെലവഴിച്ച് പൂങ്കുളം കാക്കാമൂല റോഡിനെ ബന്ധിപ്പിച്ചാണ് പുതിയ പാലം നിർമ്മിക്കുക. കാക്കാമൂല ബണ്ട് റോഡ് മാറ്റി പാലം നിർമ്മിക്കുന്നതിന് 2021 ഫെബ്രുവരിയിലാണ് ഭരണാനുമതി ലഭിച്ചത്. കാർഷിക കോളേജിനെയും കാക്കാമൂലയെയും ബന്ധിപ്പിക്കുന്ന ബണ്ട് റോഡിൽ മഴക്കാലത്ത് വെള്ളം കയറിയതോടെയാണ് പാലം നിർമ്മിക്കണമെന്ന ആവശ്യം ശക്തമായത്.