തിരുവനന്തപുരം: ഇടവ മാസത്തിലെ പൗർണ്ണമിയിൽ കാക്ക വിഗ്രഹം കൂടി പീഠത്തിൽ ഇരുത്തിയതോടെ വിഴിഞ്ഞം വെങ്ങാനൂർ പൗർണ്ണമിക്കാവ് ശ്രീബാല ത്രിപുര സുന്ദരീ ദേവീ ക്ഷേത്രം വിഗ്രഹങ്ങളാൽ സമ്പന്നമായി. കേരളത്തിൽ ഏറ്റവും ഉയരവും നീളവും ശക്തിയുമുള്ള വിഗ്രഹമാണ് പൗർണ്ണമിക്കാവിലേത്.
ശ്രീകോവിലിൽ ദേവിയുടെ ഏറ്റവും ഉയരം കൂടിയ പഞ്ചലോഹ വിഗ്രഹമാണ് പ്രതിഷ്ഠിച്ചത്. ശ്രീകോവിലിന് പുറത്ത് ഒറ്റക്കല്ലിൽ കൊത്തിയെടുത്ത ഏറ്റവും വലിയ പഞ്ചമുഖ ഗണപതിയും ഉയരം കൂടിയ ആദിപരാശക്തിയുടെ മാർബിളിലുള്ള വിഗ്രഹവുമാണുള്ളത്. കൂടാതെ രാജമാതംഗിയും ദുർഗാദേവിയും ഏറ്റവും ഉയരം കൂടിയ ശനീശ്വരനും വാഹനമായ കാക്കയുമുണ്ട്. ഒപ്പം വലിയ നാഗവിഗ്രഹവും വരാഹമാടനേയുമാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. ഹനുമാന്റേയും കാലഭൈരവന്റേയും അശ്വതി മുതൽ രേവതി വരെയുള്ള ജന്മനക്ഷത്ര ദേവതമാരുടെയും വിഗ്രഹങ്ങളാണ് ഇനി വരാനുള്ളത്.
ആദിപരാശക്തിയുടെ ശ്രീകോവിൽ കെട്ടി പ്രാണപ്രതിഷ്ഠ കഴിഞ്ഞാൽ പ്രപഞ്ചമാതാവിനെ ആരാധിക്കാൻ കഴിയുന്ന ഏക ക്ഷേത്രമായി പൗർണ്ണമിക്കാവ് മാറും. രാജസ്ഥാനിൽ നിന്ന് ആദിപരാശക്തിയുടെ വിഗ്രഹ ഘോഷയാത്ര വന്നശേഷം വടക്കേ ഇന്ത്യയിലെ ഭക്തരും ഇവിടെ എത്തിയിരുന്നു. വെഞ്ഞാറമൂട് ഡിപ്പോയിൽ നിന്ന് വ്യാഴാഴ്ച മുതൽ പൗർണ്ണമിക്കാവിലേക്ക് ബസ് സർവീസും ആരംഭിച്ചു.