തിരുവനന്തപുരം:അനശ്വര ഗാനരചയിതാവ് ജി.ദേവരാജൻ മാസ്റ്ററുടെ ഓർമ്മയ്ക്കായി വെള്ളയമ്പലം കെൽട്രോൺ ജംഗ്ഷന് മുമ്പിൽ സ്ഥാപിച്ചിരുന്ന പ്രതിമയെ മറച്ച് കേബിളുകൾ ഇറക്കിവച്ച നടപടിയിൽ ദേവരാജൻ മാസ്റ്റർ മെമ്മോറിയൽ ട്രസ്റ്റിന്റെ ശക്തമായ പ്രതിഷേധം ഫലം കണ്ടു.നഗര പുനരുദ്ധാരണത്തിന്റെ ഭാഗമായി കരാറെടുത്ത കമ്പനിയായ ഊരാളുങ്കൽ ലേബൽ കോൺട്രാക്ട് കൊണ്ടുവന്ന കൂറ്റൻ കേബിളുകകളാണ് പ്രതിമയ്ക്ക് ചുറ്റുമായി ഇറക്കിവച്ചത്.ഇതേ തുടർന്ന് ട്രസ്റ്റ് തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ ശക്തമായ പ്രതിഷേധം ഉയർത്തി.സാംസ്കാരിക നായകരേ നിങ്ങൾ കണ്ണു തുറന്നു കാണുക എന്നു തുടങ്ങുന്ന പോസ്റ്റിൽ പ്രതിമയോടുള്ള അനാദരവിനെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു.പിന്നാലെ, ഊരാളുങ്കൽ അധികൃതരെത്തി കേബിളുകൾ ലോറിയിൽ കയറ്റി കൊണ്ടുപോവുകയായിരുന്നു.