തിരുവനന്തപുരം: മെഡിക്കൽ കോളേജ് എസ്.എ.ടി ആശുപത്രി വളപ്പിൽ കിടന്നുറങ്ങിയ യുവാവിനെ അക്രമിസംഘം മർദ്ദിച്ചവശനാക്കി. വിളപ്പിൽശാല സ്വദേശി അനന്തുവിനാണ് (18) മർദ്ദനമേറ്റത്. ഇന്നലെ വൈകിട്ട് ആറോടെ ഗൈനക്കോളജി വിഭാഗം ഒ.പിയുടെ പുറകിലാണ് സംഭവം. പീഡിയാട്രിക് ഒ.പിയിലെ ബെഞ്ചിൽ കിടന്നുറങ്ങുകയായിരുന്നു അനന്തു. സംസാരിക്കാനുണ്ടെന്നും പുറത്തോട്ട് വരണമെന്നും പറഞ്ഞ് മൂന്നംഗ സംഘം അനന്തുവിനെ വിളിച്ചു. എന്നാൽ പോകാൻ തയ്യാറായില്ല. തുടർന്ന് മൂവരും ചേർന്ന് വലിച്ചിഴച്ച് എതിർവശത്തുള്ള ഗൈനക് ഒ.പി കെട്ടിടത്തിനു പിന്നിൽ കൊണ്ടുപോയി.

അവിടെവച്ചുണ്ടായ വാക്കുതർക്കം പിന്നീട് മർദ്ദനത്തിലേക്കെത്തുകയായിരുന്നു. ചുറ്റികയും തടി കഷണവും കൊണ്ടാണ് ആക്രമിച്ചത്. അനന്തുവിന്റെ പാദം യുവാക്കൾ അടിച്ച് പൊട്ടിച്ചു. മുട്ടിന്റെ ചിരട്ടയ്ക്കും താടിയെല്ലിനും പരിക്കുണ്ട്. തുടർന്ന് ആശുപത്രിയിലെ കൂട്ടിരിപ്പുകാരാണ് പൊലീസിനെ വിവരമറിയിച്ചത്. പൊലീസ് എയ്ഡ് പോസ്റ്റിൽ നിന്ന് ഉദ്യോഗസ്ഥർ എത്തിയപ്പോൾ അവശനായിക്കിടന്ന അനന്തുവിനെ കണ്ടെത്തി. ഇയാളെ ഉടൻ അത്യാഹിത വിഭാഗത്തിലേക്കും തുടർന്ന് തീവ്രപ്രചരണ വിഭാഗത്തിലേക്കും പ്രവേശിപ്പിച്ചു.

വിളപ്പിൽശാല പ്രദേശത്തെ സ്ഥിരം പ്രശ്നക്കാരനാണ് മർദ്ദനമേറ്റ അനന്തുവെന്ന് പൊലീസ് സൂചന നൽകി. ഒരു കേസിൽ ഉൾപ്പെട്ട ഇയാൾ മെഡിക്കൽ കോളേജ് പരിസരത്തേക്ക് മാറി താമസിക്കുകയായിരുന്നു. ഒന്നര മാസത്തോളമായി അനന്തു ആശുപത്രി പരിസരത്തുണ്ടെന്നാണ് പൊലീസിനു ലഭിച്ച വിവരം. ആക്രമിച്ചതിന്റെ കാരണം വ്യക്തമല്ലെന്നും മർദ്ദിച്ചവരിൽ ഒരാളെ കണ്ടാൽ തിരിച്ചറിയാമെന്നും യുവാവ് പൊലീസിനോടു പറഞ്ഞു. യുവാവിന്റെ മൊഴിയെടുത്ത ശേഷം ഇന്ന് കേസെടുക്കാനാണ് പൊലീസിന്റെ തീരുമാനം. പ്രതികൾക്ക് ഗുണ്ടാ പശ്ചാത്തലമില്ലെന്ന് മെഡിക്കൽ കോളേജ് പൊലീസ് അറിയിച്ചു.