കടയ്ക്കാവൂർ: സ്കൂൾ തുറക്കാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി. മഴ ശക്തമായ സാഹചര്യത്തിൽ കടയ്ക്കാവൂർ എസ്.എൻ.വി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെത്താൻ വള്ളമിറക്കേണ്ട അവസ്ഥയിലാണ്. പെരുങ്ങേറ്റ് ജംഗ്ഷനിലേക്കുള്ള വഴിയിലെ വെള്ളക്കെട്ട്കാരണം വഴിനടക്കാൻ പോലും കഴിയാത്ത അവസ്ഥയായി. പി.ഡബ്യു.ഡി റോഡിന്റെ പണികഴിഞ്ഞശേഷം റോഡ് ഉയർന്നതോടെയാണ് ഇവിടെ വെള്ളക്കെട്ടായത്. ഏറെ ദൂരത്തിൽ വെള്ളം കെട്ടികിടക്കുന്നതിനാൽ വിദ്യാർത്ഥികളും കാൽനടയാത്രക്കാരും ഏറെ ബുദ്ധിമുട്ടുന്നുണ്ട്.

വെള്ളം വറ്റിക്കഴിയുമ്പോൾ ഇവിടം ചെളിക്കെട്ടായി മാറും. ഗവ. ഹയർ സെക്കൻഡറി സ്കൂളിലേക്ക് പോകാനുള്ള പ്രധാന വഴിയാണിത്. ഈ ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടി പലതവണ നാട്ടുകാരും സ്കൂൾ അധികൃതരും ബന്ധപ്പെട്ടവർക്ക് പരാതി നൽകിയിട്ടും ഫലമുണ്ടായില്ല. സ്കൂൾ തുറക്കുമ്പോഴേക്കും റോഡ് നന്നാക്കണമെന്നാണ് പൊതുവായ ആവശ്യം.