തിരുവനന്തപുരം: ജനറൽ ആശുപത്രി റോഡിന് കുറുകെ സി.സി.ടിവി ക്യാമറ സ്ഥാപിക്കുന്നതിനുവേണ്ടി കുഴിച്ചിടത്ത് കൂറ്റൻ കുഴി രൂപപ്പെട്ടു. മൂന്ന് മാസത്തിന് മുമ്പാണ് കേബിളിടാനായി റോഡിനു കുറുകെ കുഴിയെടുത്തത്. താത്കാലികമായി കോൺക്രീറ്റിട്ട് മൂടിയിരുന്ന ഭാഗം ഇപ്പോൾ പെയ്ത മഴയിൽ ഒരുവശത്തെ കോൺക്രീറ്റ് ഇളകി. സെന്റ്.ജോസഫ് സ്കൂളിന് മുമ്പിലത്തെ സിഗ്നലിലാണ് ഈ അപകടക്കുഴി. സിഗ്നൽ ശ്രദ്ധിച്ചു വരുന്ന യാത്രക്കാർ കുഴിൽ വിഴുകയും അപകടങ്ങൾ സംഭവിക്കുകയും ചെയ്യുന്നു. ഇരുചക്ര വാഹനക്കാരാണ് കൂടുതൽ അപകടത്തിൽ പെടുന്നത്. വേഗത്തിൽ വരുന്ന വാഹനങ്ങൾ കുഴി ശ്രദ്ധയിൽ പെടുമ്പോൾ പെട്ടന്ന് ബ്രേക്ക് ചെയ്യുന്നതിനാൽ നിയന്ത്രണം വിടാറുണ്ട്. പലപ്പോഴും വാഹനങ്ങളുടെ ടയറുകൾ ഉള്ളിൽ വീണ് പ്രയാസപ്പെട്ട് എടുക്കേണ്ട സ്ഥിതിയും വരുന്നു. മഴപെയ്ത് വെള്ളം കെട്ടി നിന്നാൽ കുഴിയുള്ളത് യാത്രക്കാർ അറിയാറില്ല. റോഡിലെ ബാക്കിയുള്ള കോൺക്രീറ്റുകൾ ഇളകിതുടങ്ങിയിട്ടുണ്ട്. എത്രയും പെട്ടന്ന് ഈ പ്രശ്നത്തിന്ന് പരിഹാരം കണ്ടില്ലെങ്കിൽ വൻ അപകടങ്ങൾ സംഭവിക്കും. ഇതുവഴി വളരെ സാവധാനമാണ് വാഹനങ്ങൾക്ക് പോകാൻ സാധിക്കുക. ഇത് ഗതാഗത കുരുക്കിന് ഇടയാക്കുന്നുണ്ട്.