നെയ്യാറ്റിൻകര: പൂക്കൈത പുന്നക്കാട് പാലത്തിന് സമീപം നിയന്ത്രണം വിട്ടകാർ മരത്തിലിടിച്ച് കനാൽ ഭിത്തി തകർത്ത് കനാലിലേക്ക് വീണു. വാഹനത്തിലുണ്ടായിരുന്നവർ അത്ഭുതകരമായി രക്ഷപ്പെട്ടു. വാഹനത്തിലുണ്ടായിരുന്ന കമുകിൻകോട് കാർത്തികയിൽ ജയേഷ് (38), ഭാര്യ. അഷ്ടമി (30), മകൾ ഇവ (5) എന്നിവരാണ് രക്ഷപ്പെട്ടത്. വെള്ളിയാഴ്ച രാത്രി 8ഓടെയായിരുന്നു സംഭവം. റസൽപുരത്തു നിന്നും കമുകിൻകോടിലേക്ക് പോകുകയായിരുന്ന ആൾട്ടോ കാറാണ് അപകടത്തിൽപ്പെട്ടത്. മരത്തിന്റെ വേരുകൾ ഉണ്ടായിരുന്നതിനാൽ ഇടിയുടെ ആഘാതം കുറച്ചു. മരത്തിലിടിച്ച് നിയന്ത്രണം വിട്ട വാഹനം കനാലിലേക്ക് പതിക്കുകയായിരുന്നു. 25 അടിയോളം താഴ്ചയിലേക്കാണ് കാർ മറിഞ്ഞത്. നാട്ടുകാരാണ് ഇവരെ രക്ഷപ്പെടുത്തിയത്. ജയേഷിന് കഴുത്തിന് ചതവുണ്ട്. മറ്റാർക്കും പരിക്കുകളില്ല. ഡോക്ടർമാർ വിശദമായ പരിശോധനയ്ക്ക് ശേഷം വീട്ടിലേക്ക് വിട്ടയച്ചു.