തിരുവനന്തപുരം: ഒരുകാലത്ത് തലസ്ഥാന നഗരത്തെ വെള്ളക്കെട്ടിൽ നിന്ന് സംരക്ഷിച്ചിരുന്ന ദേശീയ ജലപാതയുടെ ഭാഗമായ പാർവതി പുത്തനാർ ഇന്ന് അതിദയനീയാവസ്ഥയിലാണ്. മാസങ്ങളായി മുടങ്ങിക്കിടക്കുന്ന നവീകരണം നഗരത്തിലെ പല ഭാഗങ്ങളിലും വെള്ളപ്പൊക്ക ഭീഷണി ഉയർത്തുകയാണ്. ഈ വർഷം പകുതിയോടെ പാർവതി പുത്തനാറിലൂടെ ബോട്ട് യാത്ര സജ്ജമാകേണ്ടിയിരുന്നതാണ്. എന്നാൽ വീണ്ടും മാലിന്യവും ചെളിയും നിറഞ്ഞു.

സർക്കാരിന്റെ സ്വപ്ന പദ്ധതിയായ ദേശീയ ജലപാതയിലെ നിർണായക ദൗത്യമായിരുന്നു കോവളം- ബേക്കൽ ദേശീയ ജലപാതയും പാർവതി പുത്തനാർ നവീകരണവും. ഈ മാസം ആദ്യഘട്ടം പൂർത്തിയാകേണ്ടതായിരുന്നു. സമയബന്ധിതമായി പദ്ധതി നടന്നിരുന്നെങ്കിൽ കോവളം മുതൽ കോഴിക്കോട് വരെയെങ്കിലും ഇതിനോടകം ജലഗതാഗതം യാഥാർത്ഥ്യമായേനെ.

ടൺ കണക്കിന് മാലിന്യം

പാർവതി പുത്തനാറിനെ പുത്തനാക്കാൻ മാറിമാറി വരുന്ന സർക്കാരുകൾ കോടികൾ പ്രഖ്യാപിക്കാറുണ്ട്. എന്നാൽ ചളിയും കുളവാഴകളും അറവു മാലിന്യങ്ങളും മനുഷ്യവിസർജ്യങ്ങളും നിറഞ്ഞ് മാലിന്യപ്പുഴയായി തുടരുന്നു. വിവിധ ഇനം മത്സ്യങ്ങളുടെ ആവാസകേന്ദ്രമായിരുന്ന ഇവിടെ ഇപ്പോൾ മത്സ്യങ്ങളെ കണികാണാൻ പോലുമില്ല. അടിത്തട്ട് മുതൽ മുകൾപ്പരപ്പ് വരെ അടിഞ്ഞുകൂടിയിരിക്കുന്ന ഇരുമ്പ് അവശിഷ്ടങ്ങളും പ്ലാസ്റ്രിക് മാലിന്യവും പരിസ്ഥിതിക്കും വിനാശകരമാണ്. കഴിഞ്ഞ ദിവസങ്ങളിലായി പെയ്ത വേനൽ മഴയിൽ ടൺ കണക്കിന് പ്ലാസ്റ്റിക് മാലിന്യമാണ് ഇതിലൂടെ കടലിലേക്ക് ഒഴുകിയത്. പാർവതി പുത്തനാറിൽ മാരകമായ വിഷവസ്തുക്കൾ അടങ്ങിയിട്ടുണ്ടെന്ന് ജലസേചന വകുപ്പിനുവേണ്ടി നാറ്റ്പാറ്റ് നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു. പുത്തനാറിലേക്ക് സെപ്റ്റിക് മാലിന്യം തുറന്നുവിടുന്ന 700 ഓളം വീടുകൾക്ക് സെപ്റ്റിക് ടാങ്ക് പണിതു നൽകാനും ബദൽ മാർഗം ഒരുക്കാനുമുള്ള നടപടിയും നിലച്ചു.

ശുചീകരണം ആരംഭിച്ചത് 2018ൽ

2018 ജൂണിലാണ് ആക്കുളം മുതൽ കോവളം വരെയുള്ള 16.5 കിലോമീറ്റർ ശുചീകരണം ആരംഭിച്ചത്. വള്ളക്കടവ് വരെയുള്ള ഭാഗത്ത് രണ്ടാം ഘട്ട ശുചീകരണം നടത്തി, 1.5 മീറ്റർ ആഴം കൂട്ടി. ബോട്ട് ട്രയൽ റണ്ണും നടത്തി. പക്ഷേ വള്ളക്കടവ്, തെരുനെല്ലി പാല നിർമ്മാണത്തോടെ തുടർ ശുചീകരണവും ആഴം കുട്ടലും നിലച്ചു. വീണ്ടും പോളയും മാലിന്യവും അടിഞ്ഞു. 1.5 കോടിയോളം മുടക്കി വൃത്തിയാക്കിയ 16.5 കിലോമീറ്റർ വീണ്ടും ശുചീകരിക്കേണ്ട അവസ്ഥയായി. കേരള വാട്ടർവേയ്സ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിനാണ് പുത്തനാറിന്റെ നവീകരണച്ചുമതല.

2018 വരെ വെള്ളക്കെട്ട് പതിവായിരുന്ന കരിക്കകം, ചാക്ക ഭാഗങ്ങളിൽ പുത്തനാറിലെ നീരൊഴുക്ക് തുടങ്ങിയതോടെയാണ് മാറ്റം വന്നത്. ആഴംകൂട്ടൽ, മാലിന്യം നീക്കൽ, കൈയേറ്റം ഒഴിപ്പിക്കൽ തുടങ്ങിയ പണികളെല്ലാം മുടങ്ങി. പുത്തനാ‌ർ പുത്തനായാലേ നഗരത്തിന്റെ വെള്ളക്കെട്ടിന് പൂർണമായും പരിഹാരമാകൂ.

പ്രധാന ജലപാത

രാജഭരണകാലത്ത് ചരക്കുഗതാഗതത്തിന്റെ പ്രധാന സഞ്ചാര മേഖലയായിരുന്നു പാർവതി പുത്തനാർ. 1824ൽ തിരുവിതാകൂറിലെ റീജന്റായിരുന്ന റാണി ഗൗരി പാർവതി ഭായിയാണ് തിരുവനന്തപുരത്തെ കൽപ്പാലക്കടവ് (ഇപ്പോഴത്തെ വള്ളക്കടവ്) മുതൽ വർക്കല ശിവഗിരിക്കുന്ന് വരെയുള്ള കായലുകളെ കോർത്തിണക്കി പാർവതി പുത്തനാർ എന്ന പുതിയ ജലപാത നിർമ്മിച്ചത്. ഈ ജലപാതയിൽ നിന്ന് വേളിയിലും പൂന്തുറയിലും കടലിലേക്ക് പൊഴികൾ തുറന്നു. ഈ പൊഴികളാണ് തലസ്ഥാന നഗരത്തെ ഇന്നും വെള്ളെക്കെട്ടിൽ നിന്ന് രക്ഷിക്കുന്നത്.