vazha

വെള്ളനാട്: കഴിഞ്ഞ ദിവസങ്ങളിലായി പെയ്ത കനത്ത മഴയിൽ വാഴത്തോട്ടം വെള്ളത്തിനടിയിലായി. വെള്ളനാട് കൈരളി നഗർ വിജയ ഭവനിൽ സി. സുരേന്ദ്രൻ നായരുടെ വാഴക്കൃഷിയ്ക്കാണ് ഈ ദുർവിധി. വെള്ളം കയറി ദിവസങ്ങൾ കഴിഞ്ഞതോടെ വാഴയുടെ ഇലകൾ പഴുത്ത് തുടങ്ങി. വെള്ളനാട് ഗവ.യു.പി സ്കൂളിന് സമീപം ഏലായിൽ 56 സെന്റ് വസ്തു പാട്ടത്തിനെടുത്താണ് സുരേന്ദ്രൻ നായർ കൃഷി ചെയ്യുന്നത്. 200 മൂട് ഏത്തവാഴകളിൽ കുറച്ചെണ്ണം കുലച്ചു. ശേഷിച്ച വാഴകൾ കുലയ്ക്കാറായി. വെള്ളം കെട്ടി നിന്നാൽ മൊത്തത്തിൽ കൃഷി നശിക്കും. വാട്ടർ അതോറിട്ടി ജീവനക്കാരനായിരുന്ന സുരേന്ദ്രൻ നായർ പെൻഷൻ പറ്റിയശേഷം വാഴക്കൃഷിയിലേക്ക് തിരിയുകയായിരുന്നു. പ‍ഞ്ചായത്തിലെ മറ്റ് പ്രദേശങ്ങളിലെ താഴ്ന്ന കൃഷിയിടങ്ങളും വെള്ളം കയറി നശിക്കുന്ന നിലയിലാണ്.