തിരുവനന്തപുരം: ജനറൽ ആശുപത്രിയിലും കണ്ണാശുപത്രിയിലും എത്തുന്ന രോഗികൾ ഉൾപ്പെടെ നിരവധിപേർ പേട്ട ഭാഗത്തേക്ക് പോകുന്നതിനായി ബസ് കാത്തുനിൽക്കാൻ വെയിലും മഴയും ഏൽക്കണം. ഇവിടെ ബസ് ഷെൽട്ടർ പേരിനുപോലുമില്ല. സാധാരണക്കാർ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന ആതുരാലയങ്ങളാണ് ജനറൽ ആശുപത്രിയും കണ്ണാശുപത്രിയും. രോഗികളായവരും രോഗികളെ കാണാനെത്തുന്നവരും ധാരളമെത്തുന്ന ഇടം. യാത്രക്കാർ ബസുകാത്ത് റോഡിന്റെ വശത്തും ഫുട്പാത്തിലും കാത്തുനിൽക്കണം. പ്രായമായവരും കൈക്കുഞ്ഞുങ്ങളുമായി എത്തുന്ന അമ്മമാരും ബസ് എത്തുന്നതുവരെ നിൽക്കുകതന്നെ വേണം. കാലുകോച്ചിയാൽ ഒന്ന് ഇരിക്കാൻപോലും ഇടമില്ല. ആർക്കെങ്കിലും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടാൽ പെട്ടതുതന്നെ.

 മഴയും വെയിലും സഹിക്കണം

ജനറൽ ആശുപത്രിക്ക് മുമ്പിൽ പാളയം ഭാഗത്തേക്ക് പേകുന്നവർക്ക് പേരിനൊരു ബസ് ഷെൽട്ടറുണ്ട്. എതിർവശത്ത് പേട്ട ഭാഗത്തേക്കുള്ള റോഡിൽ ബസ് കാത്തുനിൽക്കുന്നവർ തളർച്ച അനുഭവപ്പെട്ടാൽ അവിടെയുള്ള രണ്ട് കല്ലിലാണ് ഇരിക്കുന്നത്. അതിൽത്തന്നെ സൂക്ഷിച്ചിരുന്നില്ലെങ്കിൽ അപകടം ഉറപ്പ്. വഞ്ചിയൂർ റോഡ് വെട്ടിപ്പൊളിച്ചിട്ടിരിക്കുന്നതിനാൽ ഗതാഗതമേ ഇല്ല. കണ്ണ് ഓപ്പറേഷൻ കഴിഞ്ഞ് വരുന്നവരും ​ കണ്ണിൽ മരുന്നു വീഴ്ത്തി വരുന്നവരും ഇവിടെ മഴയത്തും വെയിലത്തുമൊക്കെ ബസിനായി ഏറെനേരം നിൽക്കേണ്ടി വരും. കണ്ണിനു മരുന്നൊഴിച്ചു വരുന്നവരോട് വെയിൽ കൊള്ളരുതെന്ന് ഡോക്ടർ നിർദ്ദേശിക്കാറുണ്ട്. പക്ഷെ ബസ് കാത്തുനിൽക്കണമെങ്കിൽ വെയിൽ കൊണ്ടേപറ്റു.