ss
21ന് കേരളകൗമുദി പ്രസിദ്ധീകരിച്ച വാ‌ർത്ത

തിരുവനന്തപുരം: റേഷൻകടകളിൽ സാധനം എത്തിക്കുന്ന വാതിൽപ്പടി വിതരണത്തിന് സപ്ലൈകോയ്ക്കു നൽകാനുള്ള കുടിശ്ശികയിൽ 57.24 കോടി രൂപ സർക്കാർ അനുവദിച്ചു. ഇതോടെ അടുത്ത മാസം റേഷൻ മുടങ്ങുമെന്ന ആശങ്ക നീങ്ങി.

വാതിൽപ്പടി വിതരണക്കാരായ ട്രാൻസ്പോർട്ടിംഗ് കരാറുകാർക്ക് മൂന്നു മാസത്തെ കുടിശികയാണുള്ളത്. രണ്ടു മാസത്തെ തുക ഉടൻ നൽകുമെന്ന് ഭക്ഷ്യവകുപ്പ് അറിയിച്ചു. കുടിശ്ശിക നൽകിയില്ലെങ്കിൽ റേഷൻ സാധനങ്ങൾ എത്തിക്കില്ലെന്നായിരുന്നു കരാറുകാരുടെ സംഘടനയുടെ തീരുമാനം.

റേഷൻ മുടങ്ങുന്ന സ്ഥിതി 21ന് 'കേരളകൗമുദി' റിപ്പോർട്ട് ചെയ്‌തിരുന്നു.

വാഹന കരാറുകാരുടെ തുക, ഗോഡൗൺ വാടക, തൊഴിലാളികളുടെ കൂലി ഉൾപ്പെടെ ഒരു മാസത്തെ 'വാതിൽപ്പടി' ചെലവ് 21 കോടിയാണ്. കുടിശ്ശിക കൂടിയതോടെ റേഷൻ വിതരണം മന്ദഗതിയിലായിരുന്നു. റേഷൻ കടകളിൽ അരിയുടെ സ്റ്റോക്കു കുറയുകയും കാർഡ് ഉടമകൾക്ക് മുഴുവൻ വിഹിതവും കിട്ടാതാവുകയും ചെയ്തു. ഇത് 22ന് കേരളകൗമുദി റിപ്പോർട്ട് ചെയ്തതോടെയാണ് നപടികൾ വേഗത്തിലായത്. വെള്ളിയാഴ്ച മന്ത്രിസഭാ യോഗം ചേരും മുമ്പു തന്നെ സപ്ലൈകോയ്ക്ക് തുക അനുവദിക്കാൻ തീരുമാനിക്കുകയായിരുന്നു.

സമരത്തിന് തീരുമാനം

കുടിശ്ശിക നൽകിയില്ലെങ്കിൽ വാതിൽപ്പടി വിതരണം ജൂൺ 1 മുതൽ നിറുത്താൻ ഇന്നലെ കൊച്ചിയിൽ കരാറുകാരുടെ യോഗം തീരുമാനിച്ചിരുന്നു. ഇന്ന് സമരം പ്രഖ്യാപിക്കാനായിരുന്നു തീരുമാനം. തുക അനുവദിച്ചത് ഔദ്യോഗികമായ അറിഞ്ഞാൽ സമരം പ്രഖ്യാപിക്കില്ലെന്ന് കേരള ട്രാൻസ്‌പോർട്ടിംഗ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ ജോയിന്റ് സെക്രട്ടറി യൂസഫ് അറിയിച്ചു.

കുടിശ്ശിക 317 കോടി

വാതിൽപ്പടി വിതരണച്ചെലവായി സപ്ളൈകോയ്ക്ക് സർക്കാർ നൽകാനുള്ളത് 317 കോടി

ഔട്ട്ലെറ്റകളിലെ വിറ്റുവരവാണ് സപ്ലൈകോ ചെലവാക്കിയത്

ഈ തുക മുഴുവനും ലഭിക്കണമെന്ന് സപ്ലൈകോ