തിരുവനന്തപുരം: നഗരത്തിലെ വെള്ളക്കെട്ടിന് പരിഹാരം കാണാനാകാത്ത മേയർ ആര്യാ രാജേന്ദ്രൻ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നഗരസഭാ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. കനത്ത മഴയിൽ നഗരം വെള്ളത്തിലാകാൻ കാരണം നഗരസഭ ഭരണസമിതിയുടെ വീഴ്ചയാണെന്ന് ആരോപിച്ചാണ് ബി.ജെ.പി കൗൺസിലർമാരുടെ നേതൃത്വത്തിൽ മാർച്ച് നടത്തിയത്.
പാളയത്ത് നിന്നാരംഭിച്ച മാർച്ച് നഗരസഭ ഓഫീസിനു സമീപത്ത് പൊലീസ് ബാരിക്കേട് വച്ച് തടഞ്ഞു. പ്രവർത്തകർ ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചതോടെ പൊലീസുമായി ഉന്തും തള്ളുമായി. തുടർന്ന് പൊലീസ് രണ്ടു തവണ ജലപീരങ്കി പ്രയോഗിച്ചു. ഇതിൽ പ്രതിഷേധിച്ച് നഗരസഭ കൗൺസിലർമാർ അടക്കമുള്ളവർ റോഡ് ഉപരോധിച്ചു. ഒരു മണിക്കൂറിലെ ഇവിടെ ഗതാഗത കുരുക്കുണ്ടായി.
ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ് മാർച്ച് ഉദ്ഘാടനം ചെയ്തു. സ്മാർട്ട് സിറ്റി പദ്ധതിക്ക് പണം അനുവദിച്ച് ഏഴുവർഷം കഴിഞ്ഞിട്ടും കോർപ്പറേഷൻ പദ്ധതിയുടെ പേരിൽ മുട്ടിലിഴയുകയാണെന്ന് അദ്ദേഹം പറഞ്ഞു. ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറിമാരായ വെങ്ങാനൂർ സതീഷ്, വി.ജി.ഗിരികുമാർ, കൗൺസിലർമാരായ എം.ആർ.ഗോപൻ, കരമന അജിത്ത്, തിരുമല അനിൽ, ബി.ജെ.പി നേതാവ് പാപ്പനംകോട് സജി തുടങ്ങിയവർ നേതൃത്വം നൽകി.