തിരുവനന്തപുരം: സംസ്ഥാനത്തെ നെല്ലുത്പാദനം താഴേക്ക്. 90 ശതമാനത്തിലേറെ സംഭരണം പൂർത്തിയാകുമ്പോൾ കഴിഞ്ഞ വർഷത്തേക്കാൾ 2 ലക്ഷത്തിലധികം മെട്രിക് ടണ്ണിന്റെ കുറവ്.
2022–23 ൽ മൊത്തം 7,31,185 മെട്രിക് ടൺ നെല്ലാണ് സംഭരിച്ചത്. ഇപ്പോൾ അത് 5,30,197 മെട്രിക് ടണ്ണായി കുറഞ്ഞു. 2,00,988 മെട്രിക് ടണ്ണിന്റെ കുറവ്. 2022–23 ൽ 2,50,373 കർഷകർ കൃഷിയിൽ ഏർപ്പെട്ടിരുന്നു. ഇക്കൊല്ലം അത് 1,86,946 എണ്ണമായി കുറഞ്ഞു.
രാസവളത്തിനും തൊഴിലാളികളുടെ കൂലിയിലുമുണ്ടായ വർദ്ധനയ്ക്കു പുറമെ കാലാവസ്ഥയിലെ മാറ്റവും കർഷകരെ നെൽകൃഷിയിൽ നിന്നു പിന്തിരിപ്പിക്കുന്നുണ്ട്. കുട്ടനാട്, അപ്പർ കുട്ടനാട് മേഖലകളിൽ 1000 ഹെക്ടറിൽ താഴെയാണ് വിളവെടുപ്പ് ശേഷിക്കുന്നത്. ഏക്കറിൽ 25 മുതൽ 30 ക്വിന്റൽ വരെ ഉത്പാദനം ഉണ്ടായിരുന്ന പാടശേഖരങ്ങളിൽ ഇപ്പോഴത് 15 ക്വിന്റലായി കുറഞ്ഞു. ഒരു ഏക്കറിൽ 20 ക്വിന്റൽ നെല്ലെങ്കിലും ലഭിച്ചാലേ ഉത്പാദനച്ചെലവ് ലഭിക്കൂ.
വയൽ പാട്ടത്തിനെടുത്താണ് കുട്ടനാട്ടിലെ വലിയൊരു വിഭാഗം കർഷകരും നെൽക്കൃഷി നടത്തുന്നത്. ഏക്കറിന് 20,000 രൂപയ്ക്ക് മുകളിലാണ് പാട്ടത്തുക. ഇവരാണ് കൂടുതൽ പ്രതിസന്ധിയിലായത്.