തിരുവനന്തപുരം: മഴക്കാലമായതോടെ നഗരത്തിലെ പ്രധാന പാതയായ പവർ ഹൗസ് റോഡിൽ ഗതാഗതക്കുരുക്ക് പതിവാകുന്നു. രാവിലെയും വൈകിട്ടുമാണ് പ്രധാനമായും ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നത്. ഇത് ചെന്തിട്ട സിഗ്നൽ മുതൽ പവർ ഹൗസ് വരെ നീളും.

പവർ ഹൗസ് റോഡിൽ റെയിൽവേ സ്റ്റേഷന്റെ പിറകുവശത്തെ കവാടവും ചാലയിലെ സഭാപതി കോവിൽ സ്ട്രീറ്റും സംഗമിക്കുന്ന ഭാഗത്താണ് പ്രധാനമായും ഗതാഗതക്കുരുക്ക് ആരംഭിക്കുന്നത്. റോഡിന്റെ ഇരുവശത്തും അനധികൃത പാർക്കിംഗ് പതിവായതോടെ ഗതാഗതക്കുരുക്കിന് യാതൊരു കുറവുമില്ല.
ചെന്തിട്ട ജംഗ്‌ഷനിലെ സിഗ്നലിലാണ് ഏറെ നേരം വാഹനങ്ങൾ കിടക്കേണ്ടിവരുന്നത്. തൈക്കാട് ഭാഗത്തുനിന്നും കരമനയിലേക്കും തിരിച്ചും പോകുന്ന വാഹനങ്ങൾക്കാണ് കൂടുതൽ സമയം അനുവദിച്ചിട്ടുള്ളത്. ഇതിനാൽ പവർ ഹൗസ് റോഡിൽ നിന്നും കരമന ഭാഗത്തേക്ക് പോകാൻ സിഗ്നലിൽ ഏറെനേരം കാത്തുനിൽക്കണം. പഴവങ്ങാടി ഗണപതിക്ഷേത്രത്തിന് മുന്നിലെ സിഗ്നലിൽ നിന്നും പവർ ഹൗസ് റോഡിലേക്ക് തിരിയുന്ന റോഡിലൂടെ എത്തുന്ന വാഹനങ്ങളും കൂടിച്ചേരുമ്പോൾ ഗതാഗതക്കുരുക്ക് ഇരട്ടിയാക്കുന്നു.