തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ആദ്യഘട്ട പുലിമുട്ട് (ബ്രേക്ക് വാട്ടർ) നിർമ്മാണം പൂർത്തിയായി. ഈഘട്ടത്തിൽ 2.959 കിലോമീറ്റർ നീളത്തിലാണ് പുലിമുട്ട് സ്ഥാപിച്ചത്. പുലിമുട്ടിന്റെ സംരക്ഷണ ഘടകങ്ങളായ ആർമറും അക്രോപോഡും സ്ഥാപിക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്. രണ്ടാംഘട്ടത്തിൽ 4080 മീറ്ററിലാണ് പുലിമുട്ട് സ്ഥാപിക്കുക. ഈ രണ്ട് ഘട്ടത്തിലും പുലിമുട്ട് നിർമ്മാണത്തിനായി ആകെ വേണ്ടത് 75 ലക്ഷം മെട്രിക് ടൺ കല്ലാണ്. പദ്ധതിയുടെ രണ്ടും മൂന്നും ഘട്ടങ്ങളുടെ പാരിസ്ഥിതിക അനുമതിക്കായി സർക്കാർ നടപടികൾ തുടങ്ങി. പുലിമുട്ട്, ബെർത്ത്, യാർഡ് എന്നിവയുടെ വിപുലപ്പെടുത്തൽ അടക്കമാണിത്. പാരിസ്ഥിതിക അനുമതി ലഭിച്ചാൽ മാത്രമേ 9,540 കോടി രൂപ ചെലവു വരുന്ന ഈ ഘട്ടങ്ങളുമായി അദാനി ഗ്രൂപ്പിന് മുമ്പോട്ടു പോകാനാകൂ.
ജൂണിൽ ട്രയൽ റൺ
ഓണത്തിന് പദ്ധതി കമ്മിഷൻ ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. ജൂൺ അവസാനത്തോടെ പൂർണ ട്രയൽ റൺ നടത്തും. നിർമ്മാണം 85 ശതമാനവും പൂർത്തിയായി. റോഡ്, റെയിൽ പദ്ധതികളാണ് പൂർത്തിയാകാനുള്ളത്. കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയത്തിന്റെ ട്രാൻസ്ഷിപ്മെന്റ് അനുമതി ലഭിച്ച വിഴിഞ്ഞത്ത് കസ്റ്റംസ് ഓഫീസ് ഉൾപ്പെടെയുള്ളവ പ്രവർത്തനം ഉടൻ ആരംഭിക്കും. കസ്റ്റംസ് ഓഫീസിന്റെ പ്രവർത്തനം ആരംഭിക്കുന്നതോടെ വിദേശ ഷിപ്പിംഗ് കമ്പനികൾക്കും വിദേശ കപ്പലുകൾക്കും വിഴിഞ്ഞം കേന്ദ്രീകരിച്ച് ചരക്കുനീക്കം നടത്താനാകും.