തിരുവനന്തപുരം: കഴിഞ്ഞ ദിവസത്തെ കനത്ത മഴയിൽ വീടിന്റെ മേൽക്കൂര തകർന്നുവീണു. വീട്ടമ്മ അത്ഭുതകരമായി രക്ഷപ്പെട്ടു. തിരുവനന്തപുരം കണ്ണേറ്റുമുക്ക് പീപ്പിൽ ലെയിൻ ജെ.പി.എൻ 16ൽ ഗിരിജ കുമാരിയുടെ വീടിന്റെ മേൽക്കൂരയാണ് നിലംപൊത്തിയത്. മേൽക്കൂര തകരുമ്പോൾ വീടിനകത്ത് ഉറങ്ങിക്കിടക്കുകയായിരുന്ന ഗിരിജ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. ശനിയാഴ്ച പുലർച്ചെ 12.30നായിരുന്ന സംഭവം. ശബ്ദം കേട്ട് നോക്കിയപ്പോൾ വീടിന്റെ മേൽക്കൂര ഇടിഞ്ഞ് താഴേക്ക് വീഴുന്നതാണ് കണ്ടത്. പെട്ടെന്ന് തന്നെ അവർ ഓടി പുറത്തെത്തി. തൊട്ടുപിന്നാലെ മേൽക്കൂര മുഴുവനായി തകർന്നുവീണു. ഓടും ടാർപ്പയും തടിയുമുപയോഗിച്ച് നിർമ്മിച്ച മേൽക്കൂരയാണ് തകർന്നത്. വീടിന്റെ കാലപ്പഴക്കമാണ് മേൽക്കൂര തകരാൻ കാരണം.

ഉപജീവനത്തിനായി വഴുതക്കാട് ചെറിയൊരു തട്ടുകട നടത്തുകയാണ്. രാവിലെ നേരത്തെ പോയാൽ ഏറെ വൈകിയാണ് ഗിരിജ വീട്ടിലെത്തുന്നത്. കഴിഞ്ഞ ദിവസം പതിവ് പോലെ ജോലി കഴിഞ്ഞ് വീട്ടിലെത്തി ഉറങ്ങാൻ കിടന്നപ്പോഴാണ് സംഭവം. ഒന്നര സെന്റ് ഭൂമിയിൽ ആകെയുണ്ടായിരുന്ന വീട് തകർന്നതോടെ എങ്ങോട്ട് പോകണമെന്നറിയാത്ത അവസ്ഥയിലാണ് 62കാരിയായ ഗിരിജാ കുമാരി. അവിവാഹിതയായ ഗിരിജ കഴിഞ്ഞ 20 വർഷമായി ഇവിടെയാണ് താമസം. എട്ട് വർഷം മുമ്പ് അമ്മ മരിച്ചതോടെ ഇവർ ഒറ്റയ്ക്കായി.