തിരുവനന്തപുരം: സി.എസ്.ഐ ദക്ഷിണകേരള മഹായിടവകയിലെ അധികാരത്തർക്കത്തെ തുടർന്ന് ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ പൊലീസിനെ ആക്രമിച്ചതിന് കണ്ടാലറിയാവുന്ന നൂറ് പേർക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി മ്യൂസിയം പൊലീസ് കേസെടുത്തു.

സംഘർഷത്തിൽ മൂന്ന് പൊലീസുകാർക്ക് പരിക്കേറ്റിരുന്നു. പൊലീസുകാരുടെ ജോലി തടസപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ആക്രമിക്കാൻ ശ്രമിച്ചതിനുള്ള വകുപ്പുകൾ പ്രകാരമാണ് കേസ്. രണ്ടുവർഷം വരെ തടവ് ശിക്ഷ കിട്ടാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. സംഭവത്തിൽ ആരെയും അറസ്റ്റ് ചെയ്‌തിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി.

വ്യാഴാഴ്ച രാത്രിയാണ് സംഭവം. മഹായിടവകയുടെ ഭരണവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ നിന്ന് തങ്ങൾക്ക് അനുകൂല വിധിയുണ്ടെന്ന് ചൂണ്ടിക്കാട്ടി മുൻ അഡ്മിനിസ്ട്രേറ്റീവ് സെക്രട്ടറി ടി.ടി.പ്രവീണിന്റെ നേതൃത്വത്തിൽ ഒരു വിഭാഗം വിശ്വാസികൾ ബിഷപ്പിന്റെ ചുമതലയുള്ള ഡോ.മനോജ് റോയ്സ് വിക്ടറിനെ സഭാ ആസ്ഥാനത്തുനിന്ന് ഇറക്കിവിട്ടതോടെയാണ് സംഘർഷങ്ങൾ തുടങ്ങിയത്.

ഇതിനെതിരെ രംഗത്തെത്തിയ മറുവിഭാഗം പുറത്തേക്ക് പോകാനൊരുങ്ങിയ ബിഷപ്പിനെ തടയുകയും ടി.ടി.പ്രവീൺ അടക്കമുള്ളവർക്കെതിരെ മുദ്രാവാക്യവുമായി പാളയം എൽ.എം.എസ് പള്ളിക്ക് മുമ്പിൽ ഒത്തുചേരുകയുമായിരുന്നു. ഇവരെ പിരിച്ചുവിടാൻ ലാത്തി വീശിയതിനിടെ കസേര എടുത്തെറിഞ്ഞപ്പോഴാണ് പൊലീസുകാർക്ക് പരിക്കേറ്റത്.