ശംഖുംമുഖം: തിരുവനന്തപുരം വിമാനത്താവളത്തിൽ പക്ഷി ഇടിച്ചതിനെ തുടർന്ന് വിമാനം അടിയന്തരമായി തിരിച്ചിറക്കി. ഇന്നലെ രാത്രി 8.46നായിരുന്നു സംഭവം. തിരുവനന്തപുരത്ത് നിന്ന് ഡൽഹിയിലേക്ക് പോയ എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനത്തിലാണ് ടേക്ക് ഓഫിനിടെ പക്ഷി ഇടിച്ചത്. ഉടൻ വിമാനം തിരിച്ചിറക്കാൻ അനുമതി തേടി പൈലറ്റ് എയർ ട്രാഫിക് കൺട്രോളിന് സന്ദേശം നൽകി. ചെറിയ വിമാനം ആയതിനാൽ ഇന്ധനം ഒഴുക്കി കളയാനുള്ള സംവിധാനം ഉണ്ടായിരുന്നില്ല. തുടർന്ന് ലാൻഡിംഗിനിടെയുള്ള അപകടസാദ്ധ്യത കുറയ്ക്കുന്നതിനായി വിമാനം 10 തവണ ആകാശത്ത് വട്ടമിട്ട് ഇന്ധനം കത്തിച്ചു കളഞ്ഞ ശേഷം വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു. യാത്രക്കാരെ വിമാനത്തിൽ നിന്ന് പുറത്തിറക്കി. അടിയന്തര സാഹചര്യം നേരിടാനുള്ള എല്ലാ സംവിധാനങ്ങളും വിമാനത്താവളത്തിൽ ഒരുക്കിയിരുന്നു.
അബുദാബിയുടെ സ്വകാര്യ എയർലൈൻസും ഇറക്കി
എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനത്തിൽ പക്ഷി ഇടിക്കുന്നതിന് മുമ്പ് അബുദാബിയിൽ നിന്ന് മാലിയിലേക്ക് പോയ അബുദാബിയുടെ സ്വകാര്യ എയർലൈൻസായ വിസൽ തിരുവനന്തപുരത്ത് ഇറക്കി. മാലിയിലെ മോശം കാലാവസ്ഥയെ തുടർന്നായിരുന്നു ഇത്. 178 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. കാലാവസ്ഥ മെച്ചപ്പെട്ടതിന് ശേഷം രാത്രി പത്തോടെ വിമാനം വിമാനം മാലിയിലേക്ക് പറന്നു. ഇതാദ്യമായാണ് വിസലിന്റെ വിമാനം ഇന്ത്യയിൽ ഇറക്കുന്നത്.