വേനൽമഴ കനത്തപ്പോഴേ വ്യാപകമായതാണ് പല തരം പകർച്ചപ്പനികളും ജലജന്യ- കൊതുകുജന്യ രോഗങ്ങളും. രണ്ടുദിവസത്തിനകം മൺസൂൺ തുടങ്ങുന്നതോടെ സംസ്ഥാനം പകർച്ചവ്യാധികളുടെ പിടിയിലാകും. സ്ക്കൂൾ തുറക്കാനിരിക്കെ രക്ഷിതാക്കളും ആശങ്കയിലാണ്. എന്നാൽ പരിസര ശുചിത്വവും വ്യക്തി ശുചിത്വവും പാലിച്ചാൽ പകർച്ചവ്യാധികളെ പ്രതിരോധിക്കാം.
ജലജന്യം, കൊതുകുജന്യം, മറ്റു കാരണങ്ങൾകൊണ്ടുള്ള രോഗങ്ങൾ എന്നിങ്ങനെ മഴക്കാല രോഗങ്ങളെ മൂന്നായി തിരിക്കാം. പ്രതിരോധമാർഗങ്ങൾ സമാനമാണ്. കോളറ, ടൈഫോയിഡ്, മഞ്ഞപ്പിത്ത രോഗങ്ങൾ (ഹൈപ്പറ്റൈറ്റിസ്), അക്യൂട്ട് ഡയേറിയൽ ഡിസീസ് (വയറിളക്കം) എന്നിവയാണ് ജലജന്യ രോഗങ്ങളിൽ പ്രധാനം. വെള്ളത്തിലൂടെ ഉൾപ്പെടെ രോഗാണു മനുഷ്യശരീരത്തിൽ പ്രവേശിക്കുന്നതിലൂടെയാണ് ഇവ ഉണ്ടാകുന്നത്.
കോളറ
വിബ്രിയോ കോളറേ എന്ന വൈറസാണ് ഈ രോഗം പരത്തുന്നത്. കുടിവെള്ളത്തിലൂടെ ഇവ ശരീരത്തിലെത്തി കടുത്ത ഛർദിക്കും അതിസാരത്തിനും കാരണമാകും. ശരീരത്തിൽ നിന്ന് കൂടിയ അളവിൽ ജലവും ലായകങ്ങളും നഷ്ടപ്പെടുമ്പോൾ അത് മരണത്തിനു വരെ കാരണമാകും. ശരീരത്തിലെ നഷ്ടപ്പെട്ട ജലം നിലനിർത്താൻ ഒ.ആർ.എസ് ലായനി സഹായിക്കും.
ഡയേറിയ
ഓരോവർഷവും അഞ്ചു വയസിൽ താഴെയുള്ള ലക്ഷക്കണക്കിനു കുട്ടികളാണ് വയറിളക്ക രോഗങ്ങൾ കാരണം മരിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ കണക്കു പ്രകാരം അഞ്ചുവയസിൽ താഴെയുള്ള കുട്ടികളുടെ മരണത്തിന്റെ രണ്ടാമത്തെ കാരണം വയറിളക്ക രോഗങ്ങളാണ്. ശരീരത്തിൽ നിന്നുള്ള അമിത ജലനഷ്ടമാണ് ഈ രോഗത്തെയും മാരകമാക്കുന്നത്.
ടൈഫോയിഡ്
സാൽമൊണെല്ല ബാക്ടീരിയ പരത്തുന്ന ടൈഫോയിഡ് മലിനജലത്തിലൂടെയും രോഗിയുടെ വിസർജ്യത്തിന്റെ അംശമടങ്ങിയ ഭക്ഷണ പദാർഥത്തിലൂടെയുമാണ് പകരുന്നത്. കടുത്തപനി, കടുത്ത വയറുവേദന, വയറിളക്കം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. തുറസായ സ്ഥലങ്ങളിലെ വിസർജനം, വൃത്തിയില്ലായ്മ എന്നിവ രോഗവ്യാപനവും രോഗസാദ്ധ്യതയും വർദ്ധിപ്പിക്കുന്നു.
മഞ്ഞപ്പിത്തം
ഹെപ്പറ്റെറ്റിസ് എ, ഇ രോഗാണുക്കൾ ശരീരത്തിലെത്തി രണ്ടു മുതൽ ആറ് ആഴ്ച കഴിഞ്ഞാലേ മഞ്ഞപ്പിത്ത രോഗങ്ങളുടെ ലക്ഷണങ്ങൾ പൂർണമായും പ്രകടമാകൂ. ക്ഷീണം പനി, ഓക്കാനം, വിശപ്പില്ലായ്മ, കൺവെള്ളയിലും തൊലിപ്പുറത്തും മഞ്ഞനിറം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.
കൊതുകുജന്യ
രോഗങ്ങൾ
ചിക്കുൻ ഗുനിയ
ഈഡിസ് കൊതുകുകളാണ് രോഗകാരണം. മൂന്നു മുതൽ അഞ്ചു ദിവസം വരെ നീണ്ടു നിൽക്കുന്ന പനി. തുടർന്ന് കൈകാലുകളിലെ സന്ധികളിൽ അനുഭവപ്പെടുന്ന അസഹ്യമായ വേദന രോഗിയെ വലയ്ക്കും. മാസങ്ങളോളം ഈ വേദന നീണ്ടു നിൽക്കും.
ഡെങ്കിപ്പനി
ഈഡിസ് ഈജിപ്തി കൊതുകുകളാണ് ഈ വൈറൽ പനിക്കു കാരണം. കടുത്ത പനി, തലവേദന, പേശികളിലും സന്ധിയിലും വേദന, തൊലിപ്പുറത്തെ തിണർപ്പുകൾ എന്നിവ പ്രധാന ലക്ഷണങ്ങൾ. രക്തത്തിലെ പ്ലേറ്റ്ലറ്റുകൾ ഗണ്യമായി കുറഞ്ഞ് ഗുരുതരാവസ്ഥയിലാകും.
ജപ്പാൻ ജ്വരം
ക്യൂലക്സ് കൊതുകുകൾ പരത്തുന്ന ഫ്ളാവി വൈറസാണ് ജപ്പാൻ ജ്വരത്തിനു കാരണം. ശരീരപേശികൾ ഉറച്ചുപോവുക, പനി, തലവേദന എന്നിവയാണ് ആദ്യലക്ഷണങ്ങൾ. ശരീരോഷ്മാവ് ക്രമാതീതമായി ഉയരുക, കഴുത്തും മറ്റു സന്ധികളും ഇളക്കാൻ ബുദ്ധിമുട്ട്, അപസ്മാര ലക്ഷണം,പെരുമാറ്റത്തിൽ വ്യത്യാസം എന്നിയും തുടർന്ന് പ്രകടമാകും.
വെസ്റ്റ് നൈൽ
പക്ഷികളിൽ നിന്ന് ക്യൂലക്സ് കൊതുകുകൾ വഴി വൈറസ് മനുഷ്യരിലേക്കെത്തുന്ന വെസ്റ്റ്നൈൽ പനി മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് നേരിട്ട് പകരില്ല. തലവേദന, പനി, പേശിവേദന, തടിപ്പ്, തലചുറ്റൽ, ഓർമ നഷ്ടപ്പെടൽ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.
വാക്സിനുകളോ ആന്റിവൈറസ് ചികിത്സകളോ ഇല്ല. രോഗലക്ഷണങ്ങൾക്കുള്ള ചികിത്സയാണ് നൽകുന്നത്. രണ്ടോ മൂന്നോ ആഴ്ചകൊണ്ട് രോഗം പൂർണമായും ഭേദമാകും. എന്നാൽ രോഗം മൂലം ശരീരത്തിനുണ്ടാകുന്ന അസ്വസ്ഥതകൾ മാസങ്ങളോളം നീണ്ടു നിൽക്കും.
മറ്റ് പകർച്ച
വ്യാധികൾ
എച്ച് വൺ എൻ വൺ
ഇൻഫ്ളുവൻസ എ ഗ്രൂപ്പിലെ വൈറസാണ് എച്ച്വൺ എൻ വൺ. വായുവിലൂടെയാണ് രോഗാണുക്കൾ ഒരാളിൽനിന്ന് മറ്റൊരാളിലെത്തുന്നത്. വൈറൽ പനിയുടേതിന് സമാനമായ ലക്ഷണങ്ങൾ. ശ്വസന വായുവിലൂടെ വൈറസ് ശരീരത്തിലേക്ക് കടക്കുന്നതിനാൽ ശ്വസന വ്യവസ്ഥയെയാണ് ബാധിക്കുന്നത്. ശ്വാസകോശത്തിലെ അണുബാധ, തലച്ചോറിലെ അണുബാധ, നിലവിലുള്ള അസുഖങ്ങൾ ഗുരുതരമാകുക എന്നിവയാണ് രോഗത്തിന്റെ സങ്കീർണതകൾ. പ്രതിരോധശേഷി കുറവുള്ളവവരെ രോഗം പെട്ടെന്ന് ബാധിക്കാനും ഗുരുതരമാകാനും സാദ്ധ്യതയുണ്ട്.
എലിപ്പനി
എലിയുടെ മൂത്രത്തിലൂടെ പകരുന്ന രോഗാണു വെള്ളത്തിൽ കലരുകയും ഇത് വായിലൂടെയോ മുറിവുകളിലൂടെയോ ശരീരത്തിലെത്തുകയും ചെയ്യുമ്പോഴാണ് രോഗം മനുഷ്യരിൽ പിടിമുറുക്കുന്നത്. മൃഗങ്ങളുമായി കൂടുതൽ ഇടപഴകുന്നവർ, കർഷകർ, മലിനജലം വൃത്തിയാക്കുന്നവർ എന്നിവരിലാണ് രോഗ സാദ്ധ്യത കൂടുതൽ. പനി, തലവേദന, ഛർദി, മഞ്ഞപ്പിത്തം, ചെങ്കണ്ണ്, വയറുവേദന എന്നിവയാണ് ലക്ഷണങ്ങൾ. രോഗാണു ശരീരത്തിൽ പ്രവേശിച്ച് നാലു മുതൽ 14 ദിവസം കഴിഞ്ഞാണ് രോഗലക്ഷണങ്ങൾ പ്രകടമാകുക.
പഴുതില്ലാത്ത
പ്രതിരോധം
തിളപ്പിച്ചാറിയ ശുദ്ധജലം മാത്രം കുടിക്കണം.
തുറസായ സ്ഥലങ്ങളിലെ മലമൂത്ര വിസർജനം പാടില്ല.
ഭഷണസാധനങ്ങൾ കഴുകി മാത്രം ഉപയോഗിക്കുക, അടച്ച് സൂക്ഷിക്കുക.
വെള്ളം കെട്ടിക്കിടക്കാൻ അനുവദിക്കാതിരിക്കുക. ചിരട്ടകൾ, ചട്ടികൾ, പൊട്ടിയ പാത്രങ്ങൾ, ഉപയോഗശൂന്യമായ സംഭരണികൾ എന്നിവയിൽ വെള്ളം കെട്ടിക്കിടക്കുന്നത് തടയുക.
വെള്ളം കെട്ടിനിറുത്തുന്നെങ്കിൽ അതിൽ ഗപ്പി, ഗാമ്പൂസിയ തുടങ്ങിയ മത്സ്യങ്ങളെ വളർത്തുക. ഇവ കൊതുകിന്റെ കൂത്താടികളെ നശിപ്പിക്കും.
ഓടകളിലും അഴുക്കുചാലുകളിലും ഫോഗിംഗ് നിർബന്ധമാക്കുക.
കൊതുകുകടിയേൽക്കാതിരിക്കാൻ കൊതുകുവല, നീളമുള്ള വസ്ത്രങ്ങൾ എന്നിവ ഉപയോഗിക്കാം.
മലിനജല സംസർഗം ഒഴിവാക്കുക.
രോഗങ്ങൾ സംശയിക്കുന്ന സ്ഥലങ്ങളിലുള്ളവർ മാസ്ക് ഉപയോഗിക്കണം.
ലക്ഷണങ്ങളുണ്ടായൽ ഡോക്ടറെ കണ്ട് രോഗനിർണയം നടത്തുക. സ്വയംചികിത്സ പാടില്ല.
തിളപ്പിച്ചാറ്റിയ വെള്ളം ഉപയോഗിക്കുന്നതിൽ വിട്ടുവീഴ്ച പാടില്ല. വാട്ടർപ്യൂരിഫൈയറുകളിലെ വെള്ളവും ഉപയോഗിക്കാം.രാത്രിയും പകലും കൊതുകുകടിയേൽക്കാതിരിക്കണം.മലിനജലത്തിൽ ഇടപഴകുന്നവർ എലിപ്പനി പ്രതിരോധം ഉറപ്പാക്കണം. ഏതു പനിയായാലും ഡോക്ടറെ കണ്ട് പരിശോധിക്കണം. സ്വയംചികിത്സ വലിയ അപകടങ്ങൾക്ക് കാരണമാകും.
-ഡോ.അൽത്താഫ്.
പ്രൊഫസർ, കമ്മ്യൂണിറ്റി മെഡിസിൻ
തിരു.മെഡിക്കൽ കോളേജ്.
X