roadile-vellakettu

കല്ലമ്പലം: തോരാതെ പെയ്യുന്ന ശക്തമായ മഴയിൽ കല്ലമ്പലം മേഖല ദുരിതത്തിലായി. കരവാരം പഞ്ചായത്തിലെ കൊണ്ണൂറി, ചാങ്ങാട്, പറക്കുളം പാടശേഖരങ്ങളിൽ ഇടവിളയായി കൃഷിചെയ്തിരുന്ന ചെറുപയർ, വൻപയർ, ഉഴുന്ന് എന്നിവയും നേന്ത്രവാഴക്കൃഷിയും വേനൽമഴയിൽ വെള്ളത്തിനടിയിലായി. കൊണ്ണൂറി പാടശേഖരത്തിൽ തോട്ടയ്ക്കാട് കീഴതിൽ വാതുക്കൽ തോടിന് കുറുകെ പഞ്ചായത്ത് നിർമ്മിച്ച തടയണയാണ് വെള്ളപ്പൊക്കത്തിന് കാരണമെന്ന് കർഷകർ പറയുന്നു. ചെറിയ മഴയത്തുപോലും ഏലായിൽ വെള്ളം നിറയും. തടയണയുടെ പണി ആരംഭിച്ചപ്പോൾത്തന്നെ അശാസ്ത്രീയ നിർമ്മാണമെന്നാരോപിച്ച് കർഷകരും നാട്ടുകാരും പഞ്ചായത്തിൽ പരാതി നൽകിയിരുന്നെങ്കിലും അത് പരിഗണിക്കാതെയാണ് നിർമ്മാണം നടത്തിയത്. ഇതുമൂലം കഴിഞ്ഞ നാല് വർഷമായി നിരവധി പാടങ്ങൾ കൃഷിചെയ്യാൻ കഴിയാതെ തരിശായിക്കിടക്കുകയാണ്. നിലവിലെ തടയണ പൊളിച്ചുമാറ്റി ഷട്ടർ സ്ഥാപിച്ചുകൊണ്ടുള്ള തടയണ നിർമ്മിക്കണമെന്നും തോടിന്റെ ആഴം കൂട്ടിയും തോട്ടുവരമ്പിന്റെ സൈഡ് വാൾ നിർമ്മിച്ചും കൃഷി ചെയ്യാൻ സാഹചര്യം ഒരുക്കണമെന്നും ആവശ്യപ്പെട്ട് നവകേരള സദസിൽ അപേക്ഷ നൽകി കാത്തിരിക്കുകയാണ് കർഷകർ.

മണമ്പൂർ ആഴാംകോണത്ത് നിർമ്മാണത്തിലിരിക്കുന്ന ബൈപാസ് റോഡിന്റെ വശങ്ങളിലെ 20 അടിയോളം ഉയരത്തിലുള്ള മൺഭിത്തി പലയിടത്തും ഇടിയുന്നതിനാൽ സമീപത്തെ വീടുകൾ ഭീഷണിയുടെ വക്കിലാണ്. ഒരാഴ്ച മുൻപ് ആദിയൂർ ശിവക്ഷേത്രത്തിനു സമീപം ശ്യാം നിവാസിൽ ശിവലാൽ (50) കാൽ വഴുതി 20 അടി താഴ്ചയുള്ള പുതിയ റോഡിലേക്ക് വീണ് വാരിയെല്ലുകൾ പൊട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. എം.എൽ.എ പാലത്തിനു സമീപം വെള്ളക്കെട്ട് രൂപപ്പെട്ടതിനാൽ വീടുകളിലും പുരയിടങ്ങളിലും വെള്ളം കയറി. ഇവിടെ പഞ്ചായത്ത് റോഡ്‌ ഇടിഞ്ഞുതാണു. കുളമുട്ടം യു.പി.എസിൽ ദുരിതാശ്വാസക്യാമ്പ് തുറന്നു. ഒറ്റൂർ പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളും കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ വെള്ളത്തിനടിയിലായിട്ടുണ്ട്. പലയിടങ്ങളിലായി മണ്ണിടിഞ്ഞു. കൃഷിനാശവും ഉണ്ടായി. കല്ലാംപൊറ്റ തോട് കരകവിഞ്ഞൊഴുകിയതുമൂലം സമീപപ്രദേശങ്ങളിലും വെള്ളം കയറി.

തെഞ്ചേരിക്കോണം - റാംനഗർ റോഡിൽ കഴിഞ്ഞ 3 ദിവസമായി പെയ്യുന്ന ശക്തമായ മഴയിൽ കാൽനട യാത്രികരുൾപ്പെടെയുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കുംവിധം വെള്ളക്കെട്ട് രൂപപ്പെട്ടു. പണിക്കിടയിൽ റോഡ് ഭാഗത്തുണ്ടായ താഴ്ചയാണ് പ്രശ്നത്തിന് കാരണം. മണമ്പൂർ പഞ്ചായത്തിലെ പറങ്കിമാംവിള - പുത്തൻകോട് പാലം റോഡ് ചെളിക്കെട്ട്മൂലം യാത്ര ചെയ്യാനാവാത്ത അവസ്ഥയിലാണ്. നൂറുകണക്കിന് വാഹനങ്ങളാണ് ഈ റോഡിലൂടെ കടന്നുപോകുന്നത്. നിലവിൽ റോഡ് പൂർണമായും തകർന്ന സ്ഥിതിയാണ്. മഴവെള്ളവും മലിനജലവും ഒഴുകുന്നതിന് റോഡിൽ ഓട ഇല്ലാത്തതാണ് പ്രശ്നം രൂക്ഷമാക്കിയത്. നാവായിക്കുളം പഞ്ചായത്തിന്റെ തട്ടുപാലം പാവൂർക്കോണം ഏല നാഷണൽ ഹൈവേ സർവീസ് റൂട്ടിൽ റോഡ് കെട്ടിയടച്ചതും സ്വകാര്യ വ്യക്തികൾ മണ്ണിട്ട് നികത്തിയതും മൂലം വെള്ളത്തിന്റെ ഒഴുക്ക് നിലച്ചു. ഏല വെള്ളത്തിനടിയിലായി. കൃഷികൾ നശിച്ചു. കഴിഞ്ഞ മഴ സീസണിൽ വാർഡ് മെമ്പർ നാവായിക്കുളം അശോകൻ അധികൃതർക്ക് പരാതി നൽകിയെങ്കിലും യാതൊരു പരിഹാരവുമുണ്ടായില്ല.