tree

തിരുവനന്തപുരം: വീടിന്റെ മുകളിലേക്ക് വീണ മരം മുറിച്ചുമാറ്റണമെന്ന് അറിയിച്ചിട്ടും നടപടിയെടുത്തില്ലെന്ന് പരാതി. കനത്ത മഴയെ തുടർന്ന് ഈ മാസം 19ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് പരിസരത്തുള്ള എം.എൽ.ടി ബ്ലോക്കിന്റെ നി‌ർമ്മാണത്തിലിരുന്ന കെട്ടിടത്തിന് അടുത്തായി നിന്ന മഞ്ചാടി മരം സമീപവാസിയായ പി.എസ്. ഗിരിജാദേവിയുടെ വീടിന്റെ മുകളിലേക്ക് വീഴുകയായിരുന്നു.

മരം വീണ് മേൽക്കൂര തകരുകയും ചുവരിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തിരുന്നു. ഇത് സംബന്ധിച്ച് മെഡിക്കൽ കോളേജ് പ്രിൻസിപ്പലിനും ചെറുവയയ്ക്കൽ വില്ലേജ് ഓഫീസിലും ദുരന്തനിവാരണ അതോറിട്ടിക്കും പരാതി നൽകി. തുടർന്ന് നാശനഷ്ടം കണക്കാക്കുന്നതിനും മറ്റ് നടപടികൾക്കുമായി വില്ലേജ് ഓഫീസർ കോർപ്പറേഷൻ സോണൽ ഓഫീസ് അസി. എൻജിനിയർക്ക് പരാതി കൈമാറിയെങ്കിലും നടപടിയെടുത്തില്ലെന്ന് ഗിരിജാകുമാരിയും ഭർത്താവ് മോഹനൻ നായരും പറഞ്ഞു.

വീടിന്റെ ചുമരുകൾ നനഞ്ഞ് ഏതു നിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലാണ്. നിലവിൽ ഇവിടെ താമസിക്കാൻ കഴിയുന്നില്ലെന്നും എത്രയും വേഗം മരംമുറിച്ചുമാറ്റിയില്ലെങ്കിൽ വലിയ സാമ്പത്തിക ബാദ്ധ്യതയുണ്ടാക്കുമെന്നും വീട്ടുടമസ്ഥർ പറയുന്നു.