 അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തി

കടയ്ക്കാവൂർ: ചരിത്രപ്രസിദ്ധമായ അഞ്ചുതെങ്ങ് ലെെറ്റ് ഹൗസിന്റെ അടിസ്ഥാനസൗകര്യങ്ങൾ വിപുലീകരിച്ചു. ഇതോടെ സന്ദർശകരുടെ എണ്ണം വർദ്ധിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. സന്ദർശകർക്ക് വിശ്രമിക്കാനായി മൂന്നോളം ഗസീബോ, അഞ്ചോളം ഉദ്ധ്യാന ഇരിപ്പിടങ്ങൾ, 7000 സ്ക്വയർ ഫീറ്റ് പുൽത്തകിടി, മൃഗങ്ങളുടെയും പക്ഷികളുടെയും ശില്പങ്ങൾ, 12 വയസിൽ താഴെയുള്ള കുട്ടികൾക്കായി പ്ലേ എക്യുപ്മെന്റ്സുകൾ തുടങ്ങിയ സജ്ജീകരണങ്ങളാണ് ഒരുക്കിയിട്ടുളളത്. ലെെറ്റ് ഹൗസിന്റെ 189 പടികളിൽ ഗ്രാനെെറ്റ് പാകുകയും മുകളിലെ സുരക്ഷാവേലിയുടെ ഉയരം 1.5 അടി ഉയർത്തുകയും കുട്ടികളുടെ സുരക്ഷ മുൻനിറുത്തി കെെവരികളിൽ ഗ്രില്ലുകൾ പിടിപ്പിക്കുയും ലെെറ്റ് ഹൗസ് കെട്ടിടത്തിലുൾപ്പെടെ പെയിന്റിംഗ് ജോലികളും പൂർത്തീകരിച്ചു. ഉദ്യാനത്തിലും പരിസരങ്ങളിലുമായി പത്തോളം വിളക്ക് കാലുകൾ നാട്ടി. രണ്ടോളം ബയോ ടോയ്ലെറ്റുകളും സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ട്. പൈതൃകത്തിന് യോജിച്ച വിധത്തിൽ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് നിലവിൽ അഞ്ചുതെങ്ങ് ലെെറ്റ്ഹൗസിന്റെ വികസന പ്രവർത്തനങ്ങൾ പൂർത്തിയായത്. പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ഫെബ്രുവരി 28ന് ചെന്നൈയിൽ വച്ച് വീഡിയോ കോൺഫറൻസിലൂടെയാണ് പൊതുജനങ്ങൾക്ക് തുറന്നു കൊടുത്തത്.

 മുൻപ് സിഗ്നൽ സ്റ്റേഷൻ

ഭാരതസർക്കാർ കപ്പൽ ഗതാഗത മന്ത്രാലയം ലെെറ്റ് ഹൗസ് ആൻഡ് ലെെറ്റ് ഷിപ്പ്സ് ഡയറക്ടറേറ്റിന് കീഴിലെ ലെെറ്റ് ഹൗസുകളിലൊന്നാണ് അഞ്ചുതെങ്ങ് ലെെറ്റ്ഹൗസ്. 1695ൽ ഒരു സിഗ്നൽ സ്റ്റേഷനായാണ് ആദ്യകാലങ്ങളിൽ അഞ്ചുതെങ്ങ് ലൈറ്റ് ഹൗസ് പ്രവർത്തിച്ചിരുന്നത്. 1988 ഏപ്രിൽ 30ന് ഭാരതസർക്കാരാണ് നൂതനശെെലിയിൽ അഞ്ചുതെങ്ങ് ലെെറ്റ് ഹൗസിന്റെ പണി പൂർത്തീകരിച്ച് കമ്മീഷൻ ചെയ്തത്. ലൈറ്റ് ഹൗസ് ശൃംഖലയിൽ കൊച്ചി മേഖലയിൽ ഉൾപ്പെട്ടതാണ് അഞ്ചുതെങ്ങ് ലൈറ്റ്ഹൗസ്. രാജ്യത്തെ 75 ലൈറ്റ്ഹൗസുകൾ വിനോദസഞ്ചാര കേന്ദ്രങ്ങളാക്കുക എന്ന ലക്ഷ്യത്തോടെ പൊതുമേഖല സ്വകാര്യ പങ്കാളിത്തത്തിൽ ആവിഷ്കരിച്ച പദ്ധതിയിൽ കേരളത്തിൽ നിന്നുള്ള 9 ലൈറ്റ് ഹൗസുകളിൽ ഒന്നായിരുന്നു അഞ്ചുതെങ്ങ് ലൈറ്റ്ഹൗസും.

സന്ദർശക സമയം - ദിവസവും വൈകിട്ട് 3 മുതൽ 5 വരെ. തിങ്കൾ അവധി