തിരുവനന്തപുരം : ബി.എസ്.എൻ.എൽ എൻജിനിയേഴ്സ് സഹകരണ സംഘത്തിലെ സാമ്പത്തികത്തട്ടിപ്പിൽ ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണവിഭാഗം കുറ്റപത്രം ഉടൻ സമർപ്പിക്കും. അമിതപലിശ വാഗ്ദാനംചെയ്ത് കോടികൾ നിക്ഷേപമായി സ്വീകരിച്ച ശേഷം അത് വകമാറ്റി പ്രതികൾ കോടികൾ കൈക്കലാക്കി വസ്തുക്കളും വാഹനങ്ങളും വാങ്ങിയെന്നും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

കേസിൽ 1076 എഫ്.ഐ.ആറുകളാണ് രജിസ്റ്റർചെയ്തത്. ഇതിൽ ആദ്യം ക്രൈംബ്രാഞ്ചിന് കൈമാറിയ 25 കേസുകളിലെ കുറ്റപത്രങ്ങളാണ് സമർപ്പിക്കുന്നത്. 21പ്രതികൾ ഉൾപ്പെടുന്ന കേസിലെ കുറ്റപത്രം വഞ്ചിയൂരിലെ ബഡ്സ് കോടതിയിൽ സമർപ്പിക്കാനുള്ള നടപടികളിലാണ് അന്വേഷണസംഘം. മറ്റു കേസുകളിൽ ഘട്ടംഘട്ടമായി സമർപ്പിക്കാനാണ് തീരുമാനം. ഡിവൈ.എസ്.പി രമേഷ് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

കേസിൽ 13 പേർ മാത്രമാണ് അറസ്റ്റിലായത്. ഇതിൽ സംഘം പ്രസിഡന്റായിരുന്ന എ.ആർ. ഗോപിനാഥ് ഒഴികെ മറ്റെല്ലാവർക്കും ജാമ്യം ലഭിച്ചു. ഗോപിനാഥും ക്ലർക്ക് എ.ആർ.രാജീവും ചേർന്നാണ് തട്ടിപ്പ് ആസൂത്രണം ചെയ്തതെന്ന് അറസ്റ്റിലായ മറ്റുള്ളവരും മൊഴി നൽകിയിരുന്നു. അന്വേഷണത്തിലും ഇക്കാര്യം വ്യക്തമായി. ഗൂഢാലോചന, വഞ്ചന, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തുന്നത്. തട്ടിപ്പിലൂടെ സഹകരണ സംഘത്തിന് 260.18 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് സഹകരണവകുപ്പിന്റെ കണ്ടെത്തൽ. പ്രതികളുടെയും ബന്ധുക്കളുടെയും പേരിലുള്ള 200 കോടിയിലേറെ വിലയുള്ള 328 വസ്തുക്കളുടെ വിവരങ്ങളാണ് ബഡ്സ് നിയമ പ്രകാരമുള്ള കോംപിറ്റന്റ് അതോറിറ്റിക്ക് കൈമാറിയത്. ഇതിൽ കൊല്ലത്ത് 32 എണ്ണവും തിരുവനന്തപുരത്ത് 25 എണ്ണവും ബഡ്സ് ആക്ട് പ്രകാരം കളക്ടർ ഏറ്റെടുത്തു. ബഡ്സ് ആക്ട് വന്നശേഷം സംസ്ഥാനത്ത് ആദ്യമായാണ് വസ്തുക്കൾ ഏറ്റെടുക്കുന്നത്.