തിരുവനന്തപുരം: ഒരാഴ്ചയായി പെയ്ത വേനൽ മഴയിൽ നഗരം അക്ഷരാർത്ഥത്തിൽ മുങ്ങി. കാലവർഷത്തിന് മുമ്പേ പൂർത്തിയാക്കേണ്ടിയിരുന്ന മഴക്കാല പൂർവ ശുചീകരണം പാളിയതാണ് ജനത്തെ ദുരിതത്തിലാക്കിയത്. രണ്ടു ദിവസമായി മഴയ്ക്ക് നേരിയ ശമനമുണ്ടെങ്കിലും വരാൻ പോകുന്ന കാലവർഷം ജനങ്ങളുടെ ആശങ്ക വർദ്ധിപ്പിക്കുകയാണ്. മാനമൊന്നിരുണ്ടാൽ കുട്ടികളേയും പ്രായമായവരേയും എടുത്ത് വീടുവിട്ടിറങ്ങേണ്ട ഗതിയിലാണ് നിലവിൽ നഗരവാസികൾ. തലസ്ഥാനത്തിന്റെ മഴ ദുരിതത്തെക്കുറിച്ച് കേരളകൗമുദി പ്രസിദ്ധീകരിച്ച 'മഴപ്പേടിയിൽ തലസ്ഥാനം" എന്ന പരമ്പരയിൽ ജനം പ്രതികരിക്കുന്നു.
ഐ.ടി നഗരമായ കഴക്കൂട്ടവും നിലവിൽ വെള്ളപ്പൊക്ക ഭീഷണയിലാണ്. തെറ്റിയാറിന്റെ ഒഴുക്ക് തടസപ്പെടുന്നതാണ് ഇതിനു കാരണം. ഇവിടെ മാലിന്യ നിക്ഷേപം കൂടുതലാണ്. പ്ളാസ്റ്റിക് മാലിന്യം അടക്കം എല്ലാം തെറ്റിയാറിലുണ്ട്. ഇത് അടിഞ്ഞുകൂടിയാണ് ഒഴുക്കിനെ തടസപ്പെടുത്തുന്നത്. ഇതിനു പുറമേ ചെളിയും മണ്ണും അടിഞ്ഞിട്ടുണ്ട്. കുറച്ചുനാൾ മുൻപ് ശുചീകരണം നടത്തിയിരുന്നു. എന്നാൽ അത് പൂർണമായില്ല. കൃത്യമായി ശുചീകരിച്ച് തെറ്റിയാറിന്റെ ഒഴുക്ക് സുഗമമാക്കിയില്ലെങ്കിൽ വലിയ മഴയിൽ ടെക്നോപാർക്ക് ഉൾപ്പെടെ വെള്ളത്തിലാകും. കൃത്യമായ ഡ്രെയിനേജ് സംവിധാനവും ഇവിടെയില്ല.
-ശ്രുതീഷ്,
ടെക്നോപാർക്ക് അനലിസ്റ്റ്
മഴപെയ്താൽ കണ്ണമ്മൂലയിൽ ഒട്ടുമിക്ക എല്ലായിടത്തും വെള്ളം നിറയും. എന്റെ വീട്ടിലടക്കം വെള്ളം കയറും. പാറ്റൂർ, മൂലവിളാകം മേഖലകളിൽ റോഡുകൾ ഉൾപ്പെടെ വെള്ളത്തിലാണ്. പട്ടം, ഉള്ളൂർ, ആമയിഴഞ്ചാൻ തോടുകൾ കരകവിയുന്നതാണ് ഇതിനുകാരണം. വയലുകൾ കൂടുതലായിരുന്ന കണ്ണമ്മൂല വാർഡിൽ ഇവ നികത്തിയാണ് നിർമ്മാണങ്ങൾ നടത്തിയത്. നിർമ്മാണങ്ങളുടെ ഭാഗമായ മാലിന്യ പൈപ്പുകളെല്ലാം ഈ തോടുകളിലാണ് ചെന്നെത്തുന്നത്. പലവട്ടം ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചെങ്കിലും ദിനംപ്രതി നൂറ് കിലോയിലധികം മാലിന്യം എത്തുന്ന ഈ ഭാഗത്ത് തോടുകളുടെ സ്വാഭാവികമായ ആഴം കുറഞ്ഞു. കൃത്യമായ ശുചീകരണവും നടത്താറില്ല.
-സി.വി.സുരേന്ദ്രൻ,
പാറ്റൂർ മൂലവിളാകം പൗരസമിതി പ്രസിഡന്റ്
നഗരത്തിൽ ഏറ്റവും കൂടുതൽ വെള്ളക്കെട്ടുണ്ടാകുന്നത് ചാക്കയിലാണ്. അത്രമാത്രം വെള്ളമാണ് ഇവിടേക്ക് ഇരച്ചെത്തുന്നത്. ഇവിടെ ഓടകളെല്ലാം നിറഞ്ഞ് ഒഴുകുകയാണ്. ജംഗ്ഷനും പോക്കറ്റ് റോഡുകളും വെള്ളത്തിനടിയിലാകും. പരക്കുടി, താഴശ്ശേരി, അജന്ത പുള്ളിലെയിൻ നിവാസികളാണ് ഇതിൽ ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്നത്. ചെറിയ മഴയിൽപ്പോലും വീടുകളിൽ വെള്ളം കയറും. ഹൈവേ നിർമ്മാണവുമായി ബന്ധപ്പെട്ട് നിർമ്മിച്ച ഓടയും നഗരസഭയുടെ ഓടയും തമ്മിൽ ലെവൽ വ്യത്യാസം വന്നു. താഴ്ന്നും പൊങ്ങിയും ഓട നിർമ്മാണമായി. ഹൈവേയിലെ ഓടയിൽ മാലിന്യവും ചെളിയും നിറയുമ്പോൾ ഒഴുക്ക് തടസപ്പെടും.
-ജെ.സി.പിഷാരടി
ചാക്ക പരക്കുടി ലെയിൻ റസിഡന്റസ് അസോ. പ്രസിഡന്റ്
ഇക്കുറി ഗൗരീശപട്ടത്ത് വലിയ പ്രശ്നമുണ്ടായില്ല. കഴിഞ്ഞ മഴയത്ത് ഗൗരീശപട്ടത്തെ പല പ്രദേശങ്ങളും പൂർണായി മുങ്ങിയിരുന്നു. പ്രദേശത്ത് ശുചീകരണം നടന്നെങ്കിലും പൂർണമല്ല. തോടുകളിലേക്കും ഓടകളിലേക്കും മാലിന്യം ജനങ്ങൾ വലിച്ചെറിയരുത്. മഴക്കാല പൂർവ ശുചീകരണം കൂടുതൽ ശക്തിപ്പെടുത്തണം. തോടുകളും മറ്റും വർഷത്തിലൊരിക്കലെങ്കിലും കൃത്യമായി ശുചീകരിക്കാൻ പദ്ധതി തയ്യാറാക്കി നടപ്പാക്കണം.
-കെ.രാധാകൃഷ്ണൻ
ഗൗരീശപട്ടം റസിഡന്റസ് അസോ. സെക്രട്ടറി
മുട്ടത്തറയിലാണ് എന്റെ വീട്. ഞങ്ങളുടെ വീട്ടിലും സ്ഥിരമായി വെള്ളം കയറും. കനത്ത മഴയിൽ വലിയ വെള്ളക്കെട്ടാണ്. പൂന്തുറ കുമരിച്ചന്ത മുതൽ വള്ളക്കടവ്, ഈഞ്ചയ്ക്കൽ വരെയുള്ള ബൈപ്പാസ് റോഡിന് സമീപമുള്ള സർവീസ് റോഡിന്റെ നിർമ്മാണത്തിലുള്ള അപാതകയാണ് ഇവിടത്തെ വെള്ളക്കെട്ടിന് കാരണം. സർവീസ് റോഡിന് സമീപമുള്ള ഓടയും അടഞ്ഞു കിടക്കുകയാണ്. സർവീസ് റോഡ് ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് ഞങ്ങളെപ്പോലുള്ള സ്കൂൾ വിദ്യാർത്ഥികളാണ്. നടക്കാൻ പോലും സാധിക്കില്ല. ഇതിന് പരിഹാരം കൂടിയേ തീരൂ.
-അനാമിക.ജി.എസ്,
പ്ളസ് ടു വിദ്യാർത്ഥിനി