നെടുമങ്ങാട്: ഗുരുദർശനം പഠിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതിലൂടെ വ്യക്തിയിൽ പരിവർത്തനമുണ്ടാകണമെന്ന് സ്വാമി സൂക്ഷ്മാനന്ദ പറഞ്ഞു. മന്നൂർക്കോണം ഗുരുഗ്രാമത്തിൽ നടന്ന സഹവാസക്യാമ്പിൽ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഗുരുദർശനത്തിന് ഭൂതമോ ഭാവിയോ ഇല്ല. വർത്തമാനമാണ് ഗുരുദർശനത്തെ പ്രസക്തമാക്കുന്നത്. ഓരോരുത്തരുടെയും ദൈനംദിന ജീവിതത്തിൽ ഗുരുദർശനം എങ്ങനെ പ്രയോഗവത്കരിക്കുന്നുവെന്നതാണ് പ്രധാനം. നിലവിൽ പ്രകീർത്തനങ്ങളും മഹത്വവത്കരണവും മാത്രമാണ് നടക്കുന്നതെന്നും അതുകൊണ്ട് വ്യക്തിക്കോ ഗുരുവിനോ ഒരു പ്രയോജനവുമില്ലെന്നും സ്വാമി ചൂണ്ടിക്കാട്ടി. ഡി.കെ.മുരളി എം.എൽ.എ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഗുരുഗ്രാമം പ്രസിഡന്റ് പ്രതിഭ അശോകൻ അദ്ധ്യക്ഷത വഹിച്ചു. ആനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.ശ്രീകല, വൈസ് പ്രസിഡന്റ് പണയം നിസാർ,സ്വാമി ശാശ്വതികാനന്ദ മെമ്മോറിയൽ ട്രസ്റ്റ് ചെയർമാൻ സി.രാജേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. ഡോ.എം ആർ.യശോധരൻ സ്വാഗതവും കെ.എസ്.മുരളീധരൻ നന്ദിയും പറഞ്ഞു. രണ്ടു ദിവസത്തെ ക്യാമ്പിൽ ഗുരുദർശനത്തിന്റെ സാമൂഹിക പ്രാധാന്യം എന്ന വിഷയം ശിവഗിരി മഠത്തിലെ സ്വാമി പ്രബോധതീർത്ഥയും സർവമത സമ്മേളനത്തിന്റെ ലക്ഷ്യവും മതാധിഷ്ഠിത രാഷ്ട്രവും എന്ന വിഷയം ബ്രഹ്മചാരി സൂര്യശങ്കറും അവതരിപ്പിച്ചു. ഇന്ത്യൻ ഭരണഘടനയും ഗുരുദർശനവും എന്ന വിഷയത്തിൽ നാഷണൽ ജുഡിഷ്യൽ അക്കാഡമി മുൻ ഡയറക്ടർ ഡോ.മോഹൻ ഗോപാൽ, പള്ളാത്തുരുത്തി സന്ദേശത്തിന്റെ പ്രായോഗികത എന്ന വിഷയത്തിൽ സാമി സാന്ദ്രാനന്ദ എന്നിവരും പ്രഭാഷണം നടത്തി. ഗുരുഗ്രാമം ഡയറക്ടർ ഡോ.എം.ആർ.യശോധരൻ മോഡറേറ്ററായിരുന്നു.