തിരുവനന്തപുരം: സംസ്ഥാനത്തെ പ്രധാന റെയിൽവേ സ്റ്റേഷനായ തിരുവനന്തപുരം സെൻട്രലിലെ ഒന്നാംനമ്പർ പ്ലാറ്റ്ഫോം ചോർന്നൊലിക്കുന്നു. മഴ പെയ്താൽ യാത്രക്കാർ ആകെ നനയുന്ന അവസ്ഥ. ചോർച്ച തുടങ്ങിയിട്ട് ഒരാഴ്ചയോളമായെങ്കിലും അധികൃതർ ഇതുവരെ യാതൊരു അറ്റകുറ്റപ്പണിയും നടത്തിയിട്ടില്ല. വെള്ളം കാരണം യാത്രക്കാരുടെ ലഗേജുകൾ പോലും തറയിൽ വയ്ക്കാനാകുന്നില്ല. പഴയ രീതിയിലുള്ള ഷീറ്റും കമ്പിയും മേഞ്ഞ മേൽക്കൂരയുമാണ് ഇവിടെയുള്ളത്. ശക്തമായ കാറ്റിൽ മേൽക്കൂരയിലെ ഷീറ്റ് സ്ക്രൂവിൽ നിന്ന് അകന്ന് സ്ഥാനം മാറിയതോ കാലപ്പഴക്കം കൊണ്ട് ഷീറ്റ് ദ്രവിച്ചതോ ആണ് ചോർച്ചയ്ക്ക് കാരണമെന്നാണ് സംശയം. പരിശോധനയിലൂടെയേ കാരണം വ്യക്തമാകൂ. സംസ്ഥാനത്തെ മിക്ക സ്റ്റേഷനുകളിലും അറ്റകുറ്റപ്പണികളുടെ ഭാഗമായി മേൽക്കൂരയിലെ ഷീറ്റ് മാറ്റി പുതിയത് സ്ഥാപിച്ചിരുന്നു. എന്നാൽ തിരുവനന്തപുരത്ത് ഇത് ചെയ്തിട്ടില്ല. ദിവസവും പതിനായിരക്കണക്കിന് യാത്രക്കാർ എത്തുന്ന സ്റ്റേഷനിലെ ചോർച്ച പ്രതിഷേധങ്ങൾക്ക് കാരണമാവുകയാണ്.