barcase

ശിവഗിരി : സർക്കാരിന്റെ പുതിയ മദ്യനയത്തിന്റെ ഭാഗമായി മദ്യവിതരണം വ്യാപകമാകുമെന്നതിൽ ബന്ധപ്പെട്ടവരെ ആശങ്ക അറിയിക്കുന്നതായി ശിവഗിരി

ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു.

മറ്റൊരു കാലത്തും ഇല്ലാത്ത രീതിയിൽ മദ്യ വ്യവസായവും മദ്യത്തിന്റെ ലഭ്യതയും വർദ്ധിപ്പിച്ചു വരുകയാണ്. കുടുംബജീവിതത്തെയും സാമൂഹിക വ്യവസ്ഥിതിയേയും തകർക്കുന്നതാണിത്. ബന്ധപ്പെട്ടവർ അറിയാതെയല്ല മദ്യ വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്നത്. ഗുരുദേവനോടാദരവു പുലർത്തി മദ്യം വിഷമാണ് ഉണ്ടാക്കരുത്, കുടിക്കരുത്, കൊടുക്കരുത് എന്ന തത്വത്തെ സർക്കാർ അംഗീകരിക്കുന്നുവെങ്കിൽ പുതിയ മദ്യ നയം തിരുത്തണം. സ്കൂൾ കുട്ടികൾക്കു പോലും മദ്യവും മറ്റു ലഹരിവസ്തുക്കളും ലഭിക്കുന്ന വിധത്തിൽ ഇവ വിതരണം ചെയ്യുന്നത് ഗവൺമെന്റ് കാണുന്നില്ലേ? സർവ്വനാശകാരിയായ ലഹരിപദാർത്ഥങ്ങളുടെ പിടിയിൽ നിന്നും സമൂഹത്തെ മോചിപ്പിക്കുന്നതിന് ഗവൺമെന്റിന് ഉത്തരവാദിത്വമുണ്ട്. ശിവഗിരി മഠം മദ്യവിരുദ്ധ പ്രസ്ഥാനമായി പോഷകസംഘടനയായ ഗുരുധർമ്മ പ്രചരണസഭയുടെ പ്രവർത്തനം ശക്തമാക്കിക്കൊണ്ടിരിക്കുകയാണ്. മദ്യവർജ്ജനത്തിനും മദ്യ നിരോധനത്തിനുമുള്ള ബോധവത്ക്കരണ കർമ്മപദ്ധതികൾ ശിവഗിരിമഠം ആവിഷ്കരിക്കും.