thakarnna-mamathe-road

ആറ്റിങ്ങൽ: മാമത്തെ പഴയ ദേശീയപാത തകർന്നു കാൽനടയാത്ര പോലും ദു:സഹമായി. കിഴുവിലം ഗ്രാമപഞ്ചായത്തിനെയും ആറ്റിങ്ങൽ നഗരസഭയെയും തമ്മിൽ ബന്ധിപ്പിക്കുന്ന റോഡ് കുഴികൾ രൂപപ്പെട്ട് ഗതാഗത യോഗ്യമല്ലാതായിരിക്കുന്നത്. കിഴുവിലം ഗ്രാമപഞ്ചായത്തിലെ ചെറുവള്ളിമുക്ക്, പന്തലക്കോട്, മാമം നട, അരികത്തുവാർ പ്രദേശങ്ങളിൽ നിന്നും എളുപ്പത്തിൽ ദേശീയപാതയിലേക്ക് എത്താവുന്ന റോഡാണ് തകർന്നു കിടക്കുന്നത്. ചിറയിൻകീഴ്, ആറ്റിങ്ങൽ, നിയോജക മണ്ഡലങ്ങളിൽപ്പെട്ട റോഡ് എം.എൽ.എമാരായ ബി. ശശി, ബി. സത്യൻ എന്നിവരുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് മുമ്പ്അറ്റകുറ്റപ്പണികൾ നടത്തിയിരുന്നു. ബൈപാസ് റോഡ് നിർമ്മാണത്തിനുള്ള ഭാരമേറിയ വാഹനങ്ങളുടെ യാത്രയാണ് റോഡ് തകരാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു. ഇതിനെല്ലാം പുറമേ റോഡിനിരുവശങ്ങളിലും കാട് കയറിയ നിലയിലുമാണ്. അധികൃതർ എത്രയും വേഗം റോഡ് സഞ്ചാരയോഗ്യമാക്കിയില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കുമെന്ന് നാട്ടുകാർ അറിയിച്ചു.