തിരുവനന്തപുരം: എയർ ഇന്ത്യ എക്സ്‌പ്രസിന്റെ സമരം കാരണം കുടുംബത്തെ അവസാനമായി കാണാനാവാതെ മരിച്ച പ്രവാസി നമ്പി രാജേഷിന്റെ(40) കുടുംബം ഇന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെയും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെയും കാണും. നഷ്പപരിഹാരം ലഭിക്കണമെന്ന ആവശ്യമുൾപ്പെടെ ചർച്ച ചെയ്യും.

രാജേഷിന്റെ ഭാര്യ അമൃത, മക്കളായ ഷൈലേശ്, അനിക, അമൃതയുടെ അച്ഛൻ രവി, അമ്മ ചിത്ര എന്നിവർ രാവിലെ 9.30ന് കന്റോൺമെന്റ് ഹൗസിൽ വച്ചാണ് വി.ഡി.സതീശനെ കാണുന്നത്. ഗവർണറെയും രാവിലെ രാജ്ഭവനിൽ കാണാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞയാഴ്ച കുടുംബം മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടിരുന്നു.

അതേസമയം, ശനിയാഴ്ച എയർ ഇന്ത്യ അയച്ച മെയിലിനോട് കുടുംബം പ്രതികരിച്ചിട്ടില്ല. കുടുംബത്തിന്റെ ആവശ്യങ്ങൾ പരിശോധിക്കുകയാണെന്നും പ്രശ്നം പരിഹരിക്കാൻ കുറച്ച് സാവകാശം അനുവദിക്കണമെന്നുമാണ് മെയിൽ. അഭിഭാഷകനോട് സംസാരിച്ച ശേഷം മറുപടി നൽകാനാണ് കുടുംബത്തിന്റെ തീരുമാനം. രണ്ടാഴ്ച നോക്കിയ ശേഷം അനുകൂല മറുപടി വന്നില്ലെങ്കിൽ കോടതിയെ സമീപിക്കും. ഈ മാസം 7നാണ് മസ്കറ്റിലെ ജോലിസ്ഥലത്ത് രാജേഷ് കുഴഞ്ഞുവീണത്. ഭർത്താവിനെ കാണാൻ അമൃതയും അമ്മ ചിത്രയും 8ന് രാവിലെയുള്ള എയർ ഇന്ത്യ എക്സ്‌പ്രസിൽ ടിക്കറ്റ് ബുക്ക് ചെയ്തെങ്കിലും വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് സമരം കാരണം വിമാനങ്ങൾ റദ്ദാക്കിയത് അറിയുന്നത്. 13ന് അമൃതയെ തേടിയെത്തിയത് രാജേഷിന്റെ മരണവാർത്തയാണ്.