തിരുവനന്തപുരം: തലസ്ഥാന ജില്ലയിൽ മഴക്കെടുതികൾ മൂലം തുടർച്ചയായി സംഭവിക്കുന്ന ദുരിതങ്ങൾക്ക് ശാശ്വത പരിഹാരം കാണാൻ 200 കോടിയുടെ പദ്ധതിയുമായി കേന്ദ്ര സർക്കാർ. 150 കോടി (75%)​ കേന്ദ്രം നൽകും. ശേഷിക്കുന്നത് സംസ്ഥാനം വഹിക്കണം. തിരുവനന്തപുരം നഗരത്തിലെ മഴയും വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ടുള്ള ദുരന്തങ്ങളടക്കം നേരിടാനുള്ള ശേഷി വർദ്ധിപ്പിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഈ മാസം അവസാനത്തോടെ ഇതുസംബന്ധിച്ച പദ്ധതി നിർദ്ദേശങ്ങൾ സംസ്ഥാനം കേന്ദ്രത്തിന് സമർപ്പിക്കണം.

പതിനഞ്ചാം ധനകാര്യ കമ്മിഷൻ ശുപാർശ പ്രകാരം ദേശീയ ദുരന്ത നിവാരണ ഫണ്ടിന് കീഴിൽ അനുവദിക്കപ്പെട്ട തുക വിനിയോഗിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ 2022 ഫെബ്രുവരി 28ന് പുറത്തിറക്കിയിരുന്നു. രാജ്യത്തെ ഏഴ് നഗരങ്ങളിലെ ദുരിതനിവാരണ പ്രവർത്തനങ്ങൾക്കായി (2021-2026 സാമ്പത്തിക വർഷം വരെ) 2500 കോടിയാണ് വകയിരുത്തിയത്. ഈ മാതൃകയിലാണ് മറ്റു നഗരങ്ങളിലെയും വെള്ളപ്പൊക്ക നിവാരണ പദ്ധതികൾ.

ഇതുപ്രകാരം തിരുവനന്തപുരം ഉൾപ്പെടെ രാജ്യത്തെ ഒൻപത് നഗരങ്ങൾക്ക് 1800 കോടി അനുവദിച്ചു. ഓരോ നഗരവും 200 കോടിയുടെ പദ്ധതി ആസൂത്രണം ചെയ്തു നടപ്പാക്കണം. അതിൽ 150 കോടിയാകും കേന്ദ്ര സർക്കാർ നൽകുന്നത്.

സംസ്ഥാനം

പ്രയോജനപ്പെടുത്തണം:

രാജീവ് ചന്ദ്രശേഖർ

കനത്ത മഴയിൽ തലസ്ഥാനത്തെ ജനങ്ങൾക്കുണ്ടാകുന്ന ദുരിതങ്ങൾ ലഘൂകരിക്കുന്നതിനുള്ള കേന്ദ്ര പദ്ധതി സംസ്ഥാനം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. കേരളത്തിന് മോദി സർക്കാരിന്റെ സഹായഹസ്തമാണിത്. സംസ്ഥാന സർക്കാർ ഇതിനു വേണ്ട നടപടികൾ സ്വീകരിക്കണം. മേയ് അവസാനത്തോടെ നിർദ്ദേശങ്ങൾ കേന്ദ്രത്തിന് സമർപ്പിക്കേണ്ടതാണെന്ന് സംസ്ഥാന സർക്കാരിനെ ഓർമ്മപ്പെടുത്തുന്നു.