കാട്ടാക്കട: രാജീവ് ഗാന്ധിപഠനകേന്ദ്രത്തിൽ ഉണ്ടായ കെ.എസ്.യു പ്രവർത്തകരുടെ കൂട്ടത്തല്ലിന് കാരണം നെടുമങ്ങാട് കോളേജിലെ ചില വിഷയങ്ങൾ ചർച്ചയായതിനാലാണെന്ന് ഒരു വിഭാഗം. അതല്ല ഉദ്‌ഘാടനം നടത്തിയതിനെ ചൊല്ലിയുള്ള വാക്ക് തർക്കമാണെന്ന് മറുപക്ഷം.
ഉദ്‌ഘാടകനായി കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനെയാണ് തീരുമാനിച്ചിരുന്നതെങ്കിലും അദ്ദേഹം എത്തിയില്ല. എന്നാൽ പ്രസിഡന്റ് തലസ്ഥാനത്ത് ഉണ്ടായിരുന്നു. അറിയിക്കാത്തതിനാലാണ് കെ.പി.സി.സി പ്രസിഡന്റ് എത്താത്തതെന്നും ചിലരുടെ ഗൂഢാലോചനയാണ് ഇതിന് പിന്നിലെന്നും രാത്രിയിൽ നടന്ന ഗ്രൂപ്പ് ചർച്ചയിൽ ചിലർ ആരോപിച്ചു. അപ്പോഴുണ്ടായ കശപിശ സംസ്ഥാന പ്രസിഡന്റ് ഇടപെട്ട് ഒഴിവാക്കിയെങ്കിലും പാർട്ടിക്കിടെ ചിലർ വിഷയം സംസാരിച്ചതാണ് അടിപിടിയിൽ കലാശിച്ചതെന്നാണ് വിവരം. സംഭവത്തിൽ പൊലീസിന് പരാതി ലഭിച്ചിട്ടില്ല.