barcase

തിരുവനന്തപുരം:പണപ്പിരിവനായി വാട്സ് ആപ്പ് സന്ദേശമയച്ച ഫെഡറേഷൻ ഒഫ് കേരള ഹോട്ടൽ അസോസിയേഷൻ ഇടുക്കി ജില്ലാ പ്രസിഡന്റ് അനിമോനിൽ നിന്ന് ഇന്ന് ക്രൈംബ്രാഞ്ച് മൊഴി എടുത്തേക്കും. ഒന്നാം തീയതിയിലെ ഡ്രൈ ഡെ സർക്കാർ ഒഴിവാക്കാൻ ഓരോ ബാറുടമയും 2.5 ലക്ഷം രൂപ വീതം നൽകണമെന്ന അനിമോന്റെ ശബ്ദ സന്ദേശമാണ് കേസിന് ആധാരം. ശബ്ദ സന്ദേശവുമായി ബന്ധപ്പെട്ട ഗൂഢാലോചന അന്വേഷിക്കണമെന്ന എക്‌സൈസ് മന്ത്രി എം.ബി. രാജേഷിന്റെ പരാതിയിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം.
ജൂൺ 10ന് നിയമസഭാ സമ്മേളനം തുടങ്ങും മുൻപ് പ്രാഥമികാന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാനാണ് മുകളിൽ നിന്നുള്ള നിർദേശം. എ.കെ.ജി സെന്റർ പടക്കം ഏറ് അടക്കം അന്വേഷിച്ച എസ്.പി മധുസൂദനന്റെ മേൽനോട്ടത്തിലാണ് അന്വേഷിക്കുന്നത്.
സംഘടനയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായ അനിമോൻ, ശനിയാഴ്ച വൈകിട്ടോടെ നിലപാട് മാറ്റിയിരുന്നു. സംഘടനയ്ക്ക് തിരുവനന്തപുരത്ത് ആസ്ഥാന മന്ദിരം നിർമിക്കുന്നതിനാണ് പണം പിരിച്ചതെന്നാണ് മാറ്റി പറഞ്ഞത്. ബാറുടമകളുടെ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് സുനിൽകുമാർ, ഇടുക്കിയിലെ ബാറുടമകൾ തുടങ്ങിയവരുടെ മൊഴിയും രേഖപ്പെടുത്തും.
കേസ് കടുപ്പിച്ചാൽ ബിസിനസിനെ ബാധിക്കുമെന്നതിനാൽ ബാറുടമകൾ സർക്കാരിനെതിരെ മൊഴി നൽകാൻ സാദ്ധ്യത കുറവാണ്.
വാട്സ്ആപ് സന്ദേശത്തിലെ ശബ്ദം അനിമോന്റേതാണെന്ന് ഉറപ്പിക്കാൻ ചണ്ഡിഗഡിലെ നാഷണൽ ലാബിൽ പരിശോധിക്കും. കേസ് എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷിച്ചാൽ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് അടക്കമുള്ള കേന്ദ്ര ഏജൻസികൾക്ക് അന്വേഷണം ഏറ്റെടുക്കാനാവും. അതിനാൽ എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്യാതിരിക്കാനാവും ശ്രമം.