
വർക്കല: എസ്.എൻ.ഡി.പി യോഗം കേന്ദ്ര വനിതാസംഘം തിരുവനന്തപുരം റീജിയൺ 1 ന്റെ കലോത്സവം വർക്കല ശ്രീനാരായണഗുരു കോളേജ് ഒഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ സിനിമാ സീരിയൽ താരങ്ങളായ ലക്ഷ്മി, രശ്മി എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. യോഗം ശിവഗിരി യൂണിയന്റെ ആതിഥേയത്തിൽ നടന്ന കലോത്സവത്തിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലെ യൂണിയനുകളിൽ നിന്നുളള പ്രതിഭകൾ പങ്കെടുത്തു.
നാല് മേഖലകളായാണ് കലോത്സവം. കുമാരനാശാൻ സ്മൃതി ദിനാചരണത്തിന്റെ ഭാഗമായി വീണപൂവ് എന്ന പേരിലാണ് കലോത്സവം സംഘടിപ്പിച്ചത്. കേന്ദ്രവനിതാസംഘം പ്രസിഡന്റ് കൃഷ്ണകുമാരി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റും യോഗം കൗൺസിലറുമായ ഷീബ ടീച്ചർ മുഖ്യപ്രഭാഷണം നടത്തി. യോഗം കൗൺസിലർ വിപുനരാജ്, ശിവഗിരി യൂണിയൻ പ്രസിഡന്റ് കല്ലമ്പലം നകുലൻ, സെക്രട്ടറി അജി.എസ്.ആർ.എം, വൈസ് പ്രസിഡന്റ് ജി.തൃദീപ്, പ്രിൻസിപ്പൽ പ്രൊഫ.ലീ, യൂണിയൻ വനിതാസംഘം സെക്രട്ടറി സീമ, വൈസ് പ്രസിഡന്റ് പ്രസന്ന, കേന്ദ്ര വനിതാസംഘം നേതാക്കൾ, വിവിധ യൂണിയൻ നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു. മൂന്ന് വേദികളിലായി ആലാപനം, ആസ്വാദനം, പ്രസംഗം, നൃത്തനാടകം എന്നീ ഇനങ്ങളിൽ മത്സരം നടന്നു. ജൂനിയർ, സബ്ബ് ജൂനിയർ, സീനിയർ, സൂപ്പർസീനിയർ വിഭാഗങ്ങൾക്ക് പ്രത്യേകം മത്സരങ്ങൾ സംഘടിപ്പിച്ചു. വിവിധ യൂണിയനുകളിൽ നിന്നായി നാനൂറിൽപ്പരം പേർ പങ്കെടുത്തു. മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടുന്നവർക്ക് സംസ്ഥാനതലത്തിൽ നടക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കാം.
ഒ.എൻ.വി സ്മരണയിൽ സാഹിത്യ പുരസ്കാര സമർപ്പണം ഇന്ന്
 മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം: അവിസ്മരണീയ കവിതകളിലൂടെയും ഗാനങ്ങളിലൂടെയും മലയാളത്തെ ഭാവസാന്ദ്രമാക്കിയ കാവ്യസൂര്യൻ ഒ.എൻ.വി.കുറുപ്പിന്റെ 93-ം പിറന്നാൾ ദിനമാണിന്ന്. 2016 ഫെബ്രുവരി 13ന് 84-ാമത്തെ വയസിൽ 'ഭൂമിയെന്ന ഈ വാടക വീട്' അദ്ദേഹം ഒഴിഞ്ഞു പോയെങ്കിലും ഇവിടെ അവശേഷിപ്പിച്ചു പോയ കാവ്യങ്ങൾ എന്നും ചർച്ച ചെയ്യപ്പെടും.
ഒ.എൻ.വി കൾച്ചറൽ അക്കാഡമിയുടെ നേതൃത്വത്തിൽ ഇന്ന് കവിയുടെ പിറവിദിനം ആഘോഷിക്കുന്നതും അതുകൊണ്ടാണ്.
വൈകിട്ട് 5.45ന് ബിഷപ്പ് പെരേര ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ അദ്ധ്യക്ഷനാകും. കവി പ്രഭാവർമ്മ പുരസ്കാര ജേതാക്കളെ പരിചയപ്പെടുത്തും. സാഹിത്യരംഗത്ത് മൗലിക സംഭാവനകൾ നൽകിയ സർഗപ്രതിഭയ്ക്കുള്ള ഒ.എൻ.വി സാഹിത്യ പുരസ്കാരം എഴുത്തുകാരിയും ജ്ഞാനപീഠം ജേതാവുമായ പ്രതിഭാറായിക്ക് മുഖ്യമന്ത്രി നൽകും. മൂന്ന് ലക്ഷം രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. 50,000 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്ന യുവസാഹിത്യ പുരസ്കാരം ദുർഗാപ്രസാദ് ഏറ്റുവാങ്ങും. 'രാത്രിയിൽ അച്ചാങ്കര' എന്ന കവിതാസമാഹാരമാണ് ദുർഗാപ്രസാദിനെ പുരസ്കാരത്തിന് അർഹനാക്കിയത്. അപർണ രാജീവ്, കരമന ഹരി, ജി.രാജ്മോഹൻ, ഇ.എം.നജീബ്, എം.ബി.സനിൽകുമാർ തുടങ്ങിയവർ പങ്കെടുക്കും.